സംസ്ഥാനത്ത് 12% മഴക്കുറവ്
പാലക്കാട്: ആഗസ്റ്റ് അവസാനിക്കാൻ പത്ത് ദിവസം മാത്രം ശേഷിക്കേ കേരളത്തിൽ മഴക്കുറവ് 12 ശതമാനമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പിന്റെ കണക്കനുസരിച്ച് 1616.3 മില്ലിമീറ്റർ(എം.എം) മഴയാണ് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 19വരെ കേരളത്തിന് ലഭിക്കേണ്ടത്. ഈ കാലയളവിൽ രേഖപ്പെടുത്തിയതാകട്ടെ 1425.7 എം.എം മഴയും. സംസ്ഥാനത്ത് മൂന്നു ജില്ലകൾ ഒഴികെ മറ്റെല്ലായിടങ്ങളിലും ശരാശരി മഴ ലഭിച്ചിട്ടുണ്ട്.
മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിലാണ് കാര്യമായ മഴക്കുറവുള്ളത്. മഴ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 38 ശതമാനത്തിന്റെ കുറവുണ്ട്. ഈ കാലയളവിൽ ലഭിക്കേണ്ടത് 2047.4 എം.എം മഴയെങ്കിൽ പെയ്തത് 1262.6 മില്ലിമീറ്റർ മാത്രം. ഇടുക്കിയിൽ 32 ശതമാനത്തിന്റെ കുറവുണ്ട്. ഇതുവരെ രേഖപ്പെടുത്തിയത് 1374.4 എം.എം. ശരാശരി ലഭിക്കേണ്ടിയിരുന്നത് 2018.3 എം.എം മഴയാണ്. മലപ്പുറം ജില്ലയിൽ 23 ശതമാനത്തിന്റെ മഴക്കുറവാണുള്ളത്. ഈ കാലയളവിൽ ആകെ ലഭിക്കേണ്ടത് 1591.6 എം.എം മഴയായിരുന്നു, പെയ്തത് 1220.7 എം.എം. പാലക്കാട് ജില്ലയിൽ ശരാശരി മൺസൂൺ മഴ ലഭിച്ചിട്ടുണ്ട്. ആകെ ഏഴ് ശതമാനത്തിന്റെ കുറവാണുള്ളത്. ആകെ ലഭിക്കേണ്ടത് 1254.6 എം.എം. പെയ്തത് 1168.4 എം.എം.
പാലക്കാട് ശരാശരി മഴ
കഴിഞ്ഞ മൂന്നുദിവസമായി പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. അണക്കെട്ടുകൾ മിക്കതും പരമാവധി സംഭരണശേഷിയോട് അടുക്കുകയാണ്. ജില്ലയിലെ പല ഡാമുകളുടെയും ഷട്ടറുകൾ ഇതിനോടകം തുറന്നിട്ടുണ്ട്. മീങ്കര, വാളയാർ, ചുള്ളിയാർ ഡാമുകളിൽ കഴിഞ്ഞദിവസങ്ങളിൽ ജാഗ്രത മുന്നറിയിപ്പ് നൽകുന്ന സാഹചര്യവുമുണ്ടായിരുന്നു. പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നു മുതൽ 18 വരെയുള്ള കണക്കു പ്രകാരം ആലത്തൂർ മേഖലയിലാണ് കൂടുതൽ മഴ ലഭിച്ചത്. 363.5 എം.എം മഴ. തൃത്താല 260.7 എംഎം, പട്ടാമ്പി 226.9, ഒറ്റപ്പാലം 253.9, മണ്ണാർക്കാട് 186.7, പാലക്കാട് 267.2, ചിറ്റൂർ 269.6, കൊല്ലങ്കോട് 318.2, നെന്മാറ 357.1 എം.എം എന്നിങ്ങനെയാണ് ആഗസ്റ്റിൽ ജില്ലയിലെ വിവിധയിടങ്ങളിലെ ലഭിച്ച മഴയുടെ അളവ്.