ലോക കൊതുകുദിനം
പാലക്കാട്: ലോക കൊതുകുദിനത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന നിർവഹിച്ചു. ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ, തുടങ്ങിയ കൊതുകുകൾ പരത്തുന്ന വിവിധ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക കൊതുക് ദിനം ആചരിക്കുന്നത്. കൂടുതൽ തുല്യമായ ലോകത്തിനായി മലേറിയക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്തുക എന്നാണ് ഇത്തവണത്തെ ലോക കൊതുക് ദിന സന്ദേശം. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ഡോ. കെ.ആർ.വിദ്യ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ പി.വി.സാജൻ കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് ക്ലാസ് നടത്തി. പരിപാടിയുടെ ഭാഗമായി ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ കമ്മുണ്ണി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി.ബാലചന്ദ്രൻ അദ്ധ്യക്ഷനായി. ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ഖലീൽ മാജിദ്, ജില്ലാ എഡ്യക്കേഷൻ മീഡിയ ഓഫീസർ എസ്.സയന, ബയോളജിസ്റ്റ് സി.കെ.മനോജ് കുമാർ, എഫ്.എച്ച്.സി നാഗലശ്ശേരി, എഫ്.എച്ച്.സി പട്ടിത്തറ മെഡിക്കൽ ഓഫീസർമാരായ ഡോ. ബിജു മോൻ, ഡോ. ഹംസ തുടങ്ങിയവർ സംസാരിച്ചു.