'സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും ദുരനുഭവം; യുവ നേതാവ് സൈക്കോ'

Wednesday 20 August 2025 9:54 PM IST

പത്തനംതിട്ട: യുവ ജനപ്രതിനിധി സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ ഭാര്യമാരോടും പെണ്‍മക്കളോടും വരെ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തല്‍. പരിചയപ്പെട്ടപ്പോള്‍ തന്നെ അശ്ലീല സന്ദേശം അയച്ച നേതാവ് സൈക്കോ സ്വഭാവമുള്ള വ്യക്തിയാണെന്ന് നടി റിനി ആന്‍ ജോര്‍ജ്. അയാള്‍ക്ക് രാഷ്ട്രീയ നേതാവാകാനുള്ള ഒരു യോഗ്യതയുമില്ലെന്നും എങ്കില്‍ ഒരിക്കലും സ്ത്രീകളോട് ഇത്രയും മോശമായി പെരുമാറാന്‍ കഴിയില്ലായിരുന്നുവെന്നും നടി പറഞ്ഞു.

പല നേതാക്കളോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഒരിടത്ത് നിന്നും നീതി കിട്ടിയില്ലെന്നും റിനി വ്യക്തമാക്കി. താന്‍ പരാതി പറഞ്ഞിട്ടും നീതി ലഭിക്കാത്തത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനില്‍ നിന്നാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം മാനസ പിതാവാണെന്നും നടി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഈ വ്യക്തി തനിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നും ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും പുതുമുഖ നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഈ പോക്ക് ശരിയല്ലെന്ന് നേതാവ് ഉള്‍പ്പെട്ട പ്രസ്ഥാനത്തോട് താന്‍ പറഞ്ഞിരുന്നു. പ്രസ്ഥാനത്തിലെ നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. വിശ്വസിക്കാന്‍ കഴിയുന്ന ഉറവിടത്തില്‍ നിന്നാണ് താന്‍ അത് പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പോലും നേതാക്കളോട് ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നു. ഈ വ്യക്തി നല്ല രീതിയില്‍ ആയി തീരണം. വേറെ ഒരു സെറ്റില്‍മെന്റിനും ഇല്ല. അയാള്‍ നവീകരിക്കപ്പെടണം. അതിന് ആ പ്രസ്ഥാനം തന്നെ ശ്രമിക്കണമെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

തന്റെ അനുഭവമാണ് വെളിപ്പെടുത്തിയതെന്നും അതുകൊണ്ട് തന്നെ ഒന്നും തുറന്ന് പറയാന്‍ ഭയമില്ല. പക്ഷേ ഈ വിഷയത്തെ സമൂഹം എങ്ങനെ കാണുമെന്നതില്‍ ആശങ്കയുണ്ട്. തന്റെ പക്കല്‍ ആരോപണത്തെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും റിനി ആന്‍ ജോര്‍ജ് നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.