കളക്‌ടറേറ്റിലെ വാട്ടർ‌ ടാങ്കിന് വല്ലാത്ത ദുർഗന്ധം, കണ്ടെത്തിയത് ചത്ത മരപ്പട്ടിയെ, ജഡത്തിന് ദിവസങ്ങളുടെ പഴക്കം

Wednesday 20 August 2025 9:58 PM IST

കോഴിക്കോട്: കോഴിക്കോട് കളക്‌ടറേറ്റിലെ വാട്ടർ ടാങ്കിൽ മരപ്പട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. ബുധനാഴ്‌ച വൈകിട്ടോടെ വെള്ളം വറ്റിച്ച് ജഡം പുറത്തെടുത്തു. വെള്ളത്തിൽ ദുർഗന്ധം വന്നതിനെ തുടർന്ന് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് മരപ്പട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിലെ മുകളിലത്തെ നിലയിലാണ് ടാങ്കുള്ളത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് വിവരം. ഈ ടാങ്കിൽ നിന്നാണ് കളക്ടറേറ്റിലെ ഡി ബ്ലോക്കിലേക്ക് വെള്ളമെത്തിക്കുന്നത്. ടാങ്ക്‌വറ്റിച്ച് ക്ലോറിനേഷൻ ചെയ്തു.

കഴിഞ്ഞദിവസം മരപ്പട്ടികൾ കാരണം ഹൈക്കോടതിയുടെ ഒന്നാം നമ്പർ ബെഞ്ചിൽ കേസുകൾ മുടങ്ങുന്ന സ്ഥിതിയുണ്ടായി. അടിയന്തര ഹർജികൾ മാത്രം പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സിറ്റിംഗ് നിറുത്തിവച്ചു. കോടതി ഹാളും മച്ചും ശരിയായി ശുചീകരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി ജഡ്ജിമാർ മടങ്ങി.

കോടതി ഹാളിൽ അഭിഭാഷകർ ഇരിക്കുന്ന ഭാഗത്ത് മൂത്രത്തിന്റെ ദുർഗന്ധം കാരണമാണ് സിറ്റിംഗ് നിറുത്തിവച്ചത്. മച്ചിൽ നിന്നും എ.സി ഡക്‌ടുകളിൽ നിന്നുമാണ് ദുർഗന്ധം വമിക്കുന്നതെന്നും വ്യക്തമായി. ഹാൾ വൃത്തിയാക്കിയ ശേഷം ഇന്ന് പതിവുപോലെ സിറ്റിംഗ് തുടരും.