മാദ്ധ്യമ സ്വാതന്ത്ര്യം അപകടത്തിലെന്ന് തെറ്റായ പ്രചാരണം:മുഖ്യമന്ത്രി

Thursday 21 August 2025 12:09 AM IST

തിരുവനന്തപുരം: സർക്കാർ തലത്തിലെ രഹസ്യ രേഖ ചോർന്നതിലുള്ള അന്വേഷണത്തെ മാദ്ധ്യമ സ്വാതന്ത്ര്യം അപകടത്തിൽപെടുത്താനുള്ള നീക്കമെന്ന് പറഞ്ഞ് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സീനിയർ ജേർണലിസ്റ്റ് ഫോറം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രഹസ്യരേഖ ചോർന്നാൽ അതന്വേഷിച്ച് മനസിലാക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. അതാണ് നിറവേറ്റിയത്. ഏതെങ്കിലും മാദ്ധ്യമത്തെയോ മാധ്യമ പ്രവർത്തകനെയോ വിളിച്ചു ചോദിക്കുകയോ, വിളിക്കാൻ ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഒരുകൂട്ടം മാദ്ധ്യമങ്ങൾ എൽ.ഡി.എഫ് സർക്കാരിനെ കരിവാരിതേക്കാൻ തുടർച്ചയായി ശ്രമിക്കുകയാണ്. സർക്കാരിനെതിരെയും സർക്കാരിനായി പ്രവർത്തിക്കുന്നവർക്കെതിരെയും നിരന്തരം തെറ്റായ വാർത്തകൾ പടച്ചുവിടുമ്പോഴും മാദ്ധ്യമ സ്വാതന്ത്ര്യത്തിന് ഒരു ഹാനിയും സംഭവിക്കരുത് എന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. മറ്റേത് സംസ്ഥാനത്തേക്കാളും മാദ്ധ്യമസാന്നിധ്യവും മാദ്ധ്യമ സ്വാതന്ത്ര്യവും ഉറപ്പുള്ളത് കേരളത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'കേര' പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിച്ചതുമായി ബന്ധപ്പെട്ട രഹസ്യകത്ത് ചോർന്നതിലുള്ള അന്വേഷണം സംബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കുന്ന നിരവധി സംഭവങ്ങൾ രാജ്യത്തുണ്ടായി. മാദ്ധ്യമപ്രവർത്തകരുടെ സുരക്ഷ മുതൽ കരാർ വത്കരണവം വരെയുള്ള പ്രശ്നങ്ങൾ വേറെയുമുണ്ടെന്നും മുഖ്യമന്ത്രി പഞ്ഞു.

പ്രസിഡന്റ് അലക്സാണ്ടർ സാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, എ.മാധവൻ, എം.പി. അച്യുതൻ,സ്വാഗതസംഘം ചെയർമാൻ ജോൺ മുണ്ടക്കയം ,ജനറൽ കൺവീനർ കരിയം രവി തുടങ്ങിയവർ പങ്കെടുത്തു. ദേശീയ മാദ്ധ്യമ സെമിനാർ കോളമിസ്റ്റ് സെവന്തി നൈനാൻ ഉദ്ഘാടനം ചെയ്തു. ഡോ. അച്യുത് ശങ്കർ, സുഹാസിനി പ്രഭു ഗാവോങ്കർ, പി.വി.ഹരി കൃഷ്ണൻ, എം. സരിത വർമ്മ എന്നിവർ സംസാരിച്ചു.