ഒരു കുല ചെങ്ങാലിക്കോടൻ പഴം ലേലത്തിൽ വിറ്റത് 5.83 ലക്ഷത്തിന്

Thursday 21 August 2025 12:17 AM IST

ലേലത്തിന് വച്ച ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം

തൃശൂർ: ഒരു കുല ചെങ്ങാലിക്കോടൻ നേന്ത്രപ്പഴം ലേലത്തിൽ പോയത് 5.83 ലക്ഷം രൂപയ്ക്ക്. അയ്യന്തോൾ സെന്റ് മേരീസ് അസംപ്ഷൻ പള്ളിയിൽ നടന്ന ലേലത്തിലാണ് ആയിരം രൂപ വില വരുന്ന നേന്ത്രക്കുല റെക്കാഡ് തുകയ്ക്ക് ലേലം ചെയ്തത്. പള്ളിയിലെ സി.എൽ.സി യൂണിറ്റാണ് നേന്ത്രക്കുല സ്വന്തമാക്കിയത്. കൂട്ട് ലേലമായതിനാൽ എല്ലാവരും ചേർന്ന് വിളിച്ച തുകയാണ് 5.83 ലക്ഷം രൂപ. ഈ തുക മുഴുവൻ പള്ളിക്കു ലഭിക്കും. കഴിഞ്ഞ ദിവസം പള്ളിയിലെ സ്വർഗാരോപിത മാതാവിന്റെ തിരുനാളിന്റെ സമാപനത്തിലാണ് ലേലം നടന്നത്. അയ്യന്തോൾ പുലിക്കളി സംഘം ഉൾപ്പടെ പള്ളിയുടെ വിവിധ കുടുംബ യൂണിറ്റുകളും മറ്റും ലേലത്തിൽ പങ്കാളികളായി. നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ പള്ളിയുടെ പ്രവർത്തനങ്ങളിലേക്ക് ഫണ്ട് ശേഖരിക്കുന്നതിനാണ് വികാരി ഫാ.വർഗീസ് എടക്കളത്തൂരിന്റെ നേതൃത്വത്തിൽ ലേലം സംഘടിപ്പിച്ചത്.