മൂന്നാറിൽ ടൂറിസം ഹബ്ബ്; 1200 ഏക്കർ ഏറ്റെടുക്കും, കണ്ണൻദേവന്റെ കൈവശമുള്ള ഭൂമി,  പാട്ടവ്യവസ്ഥ റദ്ദാക്കൽ ബില്ലിന്റെ കരടായി

Thursday 21 August 2025 12:19 AM IST

തിരുവനന്തപുരം: മൂന്നാറിനെ അന്താരാഷ്ട്ര ടൂറിസം ഹബ്ബാക്കാൻ 1200 ഏക്കർ സർക്കാർ ഏറ്റെടുക്കും. രണ്ടു ലക്ഷം കോടിയുടെ പദ്ധതിയാണ്. മൂന്നാർ ടൗൺ, മാട്ടുപ്പെട്ടി പ്രദേശങ്ങളിലും സൈലന്റ് വാലിയിലുമായി കണ്ണൻദേവൻ ഹിൽസ് പ്ളാന്റേഷൻ കമ്പനി

(കെ.ഡി.എച്ച്.പി) കൈവശം വച്ചിട്ടുള്ള 1200 ഏക്കറാണ് പാട്ടവ്യവസ്ഥ റദ്ദാക്കി വീണ്ടെടുക്കുന്നത്.

കണ്ണൻദേവൻ ഹിൽസ് (ഭൂമി വീണ്ടെടുക്കൽ വഴി ഏറ്റെടുക്കൽ ) ബിൽ 2025 അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. കരട് തയ്യാറാക്കി.

പ്ലാനിംഗ് ബോർഡ് അംഗവും ലോകസഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങരയുടെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് മൂന്നാർ തിരഞ്ഞെടുത്തത്

സർക്കാറിന്റെ ഉടമസ്ഥതയിലുള്ളതാന്നെങ്കിലും മൂന്നാർ ടൗണും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന കണ്ണൻ ദേവൻ മലനിരകൾ എന്ന വില്ലേജിന്റെ സിംഹഭാഗവും ടാറ്റയുടെ കീഴിലുള്ള കെ.ഡി.എച്ച്.പി കമ്പനിയുടെ കൈവശമാണ്. പൂഞ്ഞാർ രാജാവിൽ നിന്നു പാട്ടത്തിന് ബ്രിട്ടീഷ് പൗരനായ മൺറോയ്ക്ക് ലഭിച്ച ഭൂമി കൈമാറ്റങ്ങളിലൂടെയാണ് കമ്പനിയിൽ എത്തിയത്. കമ്പനി ഉടമസ്ഥാവകാശം ഉന്നയിച്ചതോടെ 1971ൽ നിയമനിർമ്മാണത്തിലൂടെ വില്ലേജിലെ മുഴുവൻ ഭൂമിയുടെയും ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കി. 1971ലെ നിയമ പ്രകാരംതന്നെ, തോട്ടവും തോട്ടമായി മാറ്റാൻ പറ്റിയതുമായ എല്ലാ ഭൂമിയും പാട്ട വ്യവസ്ഥയിൽ കെ.ഡി.എച്ച്.പിക്ക് തിരികെ നൽകി. ഇതിൽ മൂന്നാർ ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ, പൊതുചന്ത, കളിസ്ഥലം എന്നിവയും ഉൾപ്പെടുന്നു. ഈ ഭൂമി ഏറ്റെടുക്കാൻ 2010ൽ ഓർഡിനൻസ് പുറപ്പെടുവിച്ചെങ്കിലും 2013ൽ കാലഹരണപ്പെട്ടു.

അന്താരാഷ്ട്ര ടൂറിസം

കമ്പനികൾ, കാസിനോകൾ

 അന്താരാഷ്ട്ര തലത്തിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ നിക്ഷേപം ഉപയോഗപ്പെടുത്തിയുള്ള സംരംഭങ്ങൾ

 സ്റ്റാർ കോട്ടേജുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, കാസിനോകൾ, റൈഡിംഗ് / ഗെയ് മിംഗ് സ്ഥാപനങ്ങൾ,​ എയർ സ്ട്രിപ്പ്

നഷ്ടപരിഹാരത്തിന്

ബില്ലിൽ വ്യവസ്ഥ

 പാട്ടക്കാരൻ കൈവശാവകാശം ലഭിച്ച തീയതി മുതൽ ഏറ്റെടുക്കൽ വരെയുള്ള കാലയളവിന്റെ അടിസ്ഥാനത്തിലാവും നഷ്ടപരിഹാരം

 കെട്ടിടങ്ങൾക്ക് ഏറ്റെടുക്കൽ സമയത്തെ നിരക്കിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം.

പ്രതിവർഷം 5 ശതമാനം വിലയിടിവ് കണക്കാക്കും. പരമാവധി 50 ശതമാനം

 നഷ്ടപരിഹാരം നൽകാനായി ഡെപ്യൂട്ടി കളക്ടർ/ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കും

 നഷ്ടപരിഹാരത്തിന് ബിൽ വിജ്ഞാപനം ചെയ്യുന്ന ദിവസം മുതൽ ഒരു മാസത്തിനകമോ, സർക്കാർ നീട്ടി നൽകാവുന്ന രണ്ട് മാസത്തിൽ കവിയാത്ത തീയതിക്കുള്ളിലോ അപേക്ഷിക്കണം