വിജയഫോർമുല പന്ത്രണ്ടു മണിക്കൂർ പഠനം, നീറ്റ് പി.ജി എൻട്രൻസ് രണ്ടാം റാങ്ക് തിളക്കത്തിൽ ഡോ.ഗ്രീഷ്മ ഗൗതമൻ
കണ്ണൂർ:നിരന്തരമായ പരിശീലനവും 12 മണിക്കൂർ വരെ നീളുന്ന പഠനവും ഡോ.ഗ്രീഷ്മ ഗൗതമന് നേടികൊടുത്തത് ഓൾ ഇന്ത്യ നീറ്റ് പി.ജി എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്ക്. 705 മാർക്ക് നേടിയാണ് കണ്ണൂർ തോട്ടട സ്വദേശി ഗ്രീഷ്മ രണ്ടാം റാങ്ക് സ്വന്തമാക്കിയത്. ഒന്നാം റാങ്ക് നഷ്ടമായത് രണ്ട് മാർക്കിന്.ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിക്ക് 707 മാർക്കാണ് ലഭിച്ചത്.രണ്ടര ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതിയത്.15 ശതമാനം മാർക്കിന് മുകളിൽ നേടിയ മുഴുവൻ പരീക്ഷാർത്ഥികളും വിജയിക്കാറുണ്ട്.പക്ഷേ റാങ്കിലേക്കുള്ള മത്സരം കടുപ്പമേറിയതാണ്.പരീക്ഷയോട് അടുത്തുള്ള ദിവസങ്ങളിലെ 12 മണിക്കൂർ വരെ നീളുന്ന പഠനം,നോട്ട് റീഡിംഗ് റിവിഷൻ,ചോദ്യോത്തരങ്ങൾ പരിശീലിക്കൽ എന്നിവയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ഗ്രീഷ്മ കേരളകൗമുദിയോട് പറഞ്ഞു.കണ്ണൂർ ഷുവർ ഷോട്ടിൽ രണ്ട് വർഷത്തെ വർഷത്തെ യു.ജി എൻട്രൻസ് പരീക്ഷാ പരിശീലനം നടത്തി.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്.ശേഷം കോഴിക്കോട് ഡാംസിലെ ഒരു വർഷത്തെ പരിശീലനത്തിന് ശേഷമാണ് പി.ജി നീറ്റ് പരീക്ഷ എഴുതിയത്.തോട്ടട സെന്റ് ഫ്രാൻസിസ് കോൺവെന്റ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഗ്രീഷ്മയുടെ പ്ലസ്ടു പഠനം.അമ്മ കെ.സി.ഷൈമയും പിതാവ് ഗൗതമനും നൽകിയ പൂർണ്ണ പിന്തുണ നേട്ടത്തിലേക്കുള്ള യാത്രയിൽ കരുത്ത് പകർന്നുവെന്ന് ഗ്രീഷ്മ പറയുന്നു.