430 ബസുകൾ പുറത്തിറക്കിയപ്പോൾ ഫ്ലാഗ് ഓഫ് മാത്രം,​ ഇക്കുറി 143 ബസുകൾ നിരത്തിലിറക്കുന്നത് വൻ ആഘോഷത്തോടെ

Wednesday 20 August 2025 10:31 PM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കും സ്വിഫ്റ്റിനുമായി 143 പുതിയ ബസുകൾ നാളെ പുറത്തിറങ്ങുകയാണ്. ചെറിയൊരു ഇടവേളയ്ക്കു ശേഷം പുതിയ ബസുകൾ നിരത്തിലിറക്കുന്നത് നാലു ദിവസമായിട്ടാണ് കെ.എസ്.ആർ.ടി.സി ആഘോഷിക്കുന്നത്. ഇതിനു മുമ്പും കെ.എസ്.ആർ.ടി.സി പുത്തൻ ബസുകൾ നിരത്തിലിറക്കിയിട്ടുണ്ടെങ്കിലും അന്നൊക്കെ ഉദ്ഘാടാനന്തരം ഫ്ലാഗ് ഓഫിൽ ആഘോഷം അവസാനിച്ചിരുന്നു. ഇത്തവണ ഫ്ലാഗ് ഓഫിനു പുറമെ മൂന്നു ദിവസത്തെ എക്സ്‌പോ കൂടി നടക്കും.

ഈ അടുത്തകാലത്തൊന്നും പുതിയ ബസ് വാങ്ങിച്ചിട്ടില്ലെന്ന പ്രതീതി സൃഷ്ടിക്കാനാണ് ആഘോഷമാമാങ്കം നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു തന്നെ ആന്റണിരാജു ഗതാഗത മന്ത്രിയായിരിക്കെ കെ.എസ്.ആർ.ടി.സി സ്വന്തമാക്കിയത് 430 ബസുകളായിരുന്നു. അന്നൊന്നും ഇത്രമേൽ ആഘോഷം ഉണ്ടായിരുന്നില്ല. വകുപ്പ് മന്ത്രി ചലച്ചിത്ര നടൻ ആയതുകൊണ്ടു തന്നെ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളെ രംഗത്തിറക്കി 'താരപ്പകിട്ട്' ചടങ്ങിന് നൽകുന്നുമുണ്ട്.

നാളെ വൈകിട്ട് 5.30ന് പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യം. ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. സ്റ്റുഡന്റ്സ് സ്മാർട്ട് കാ‌ർഡുൾപ്പെടെ ഉൾപ്പെടെ ചടങ്ങിൽ അവതരിപ്പിക്കും. മന്ത്രി കെ.ബി.ഗണേശ്‌കുമാർ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. പുതിയ സ്ലീപ്പർ ബസിൽ യാത്ര ചെയ്യാൻ സൂപ്പർതാരം മോഹൻലാലും ഉണ്ടാകും.

വെള്ളി മുതൽ മൂന്നു ദിവസം കനകക്കുന്നിലാണ് എക്സ്‌പോ. രാവിലെ 10ന് മന്ത്രി കെ.എൻ.ബാലഗോപാൽ 'ട്രാൻസ്പോ' എന്ന പ്രദർശനോത്സവം ഉദ്ഘാടനം ചെയ്യും. വിളംബര ജാഥയ്ക്കു ശേഷമാണ് ഉദ്ഘാടന ചടങ്ങ്. കെ.എസ്.ആർ.ടി.സിയിലെ എല്ലാ വിഭാഗം ജീവനക്കാരേയും റോഡിലിറക്കിയാണ് ജാഥ. നെറ്റിപ്പട്ടം കെട്ടിയ വാനുൾപ്പെടെ ഒരുക്കിയിറക്കും. കെ.എസ്.ആർ.ടി.സി പുറത്തിറക്കുന്ന പുതിയ ബസുകൾക്കു പുറമെ, വിവിധ കമ്പനികളുടെ കാർ, ബൈക്ക്, ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളും കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ചിത്രപ്രദർശനവും നടക്കും. വിവിധ വിഷയങ്ങളിൽ സെമിനാറും വൈകിട്ട് ചലച്ചിത്ര രംഗത്തെ പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും.

ഇതൊക്കെയാണ് പുതിയ ബസുകൾ

ദീർഘദൂര സർവീസുകൾക്ക്

സ്ലീപ്പർ എ.സി, സെമി സ്ലീപ്പർ എ.സി, പ്രിമിയം സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ

രണ്ടു ജില്ലകളിലേക്കുള്ള യാത്രയ്ക്ക്

ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ

ഓർഡിനറി സർവീസുകൾക്ക്

മിനി ബസുകൾ

സ്ലീപ്പർ ബസുകളൊക്കെ നേരത്തെ എത്തി

രണ്ടാം പിണറായി സർക്കാറിന്റെ തുടക്കത്തിൽ ആന്റണി രാജു ഗതാഗത മന്ത്രിയായിരിക്കെ പുതിയതായി വാങ്ങിയത് 430 ബസുകളായിരുന്നു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആരംഭിച്ചതും അപ്പോഴായിരുന്നു. തിരുവനന്തപുരം നഗരത്തിൽ എവിടേയും സഞ്ചരിക്കാൻ 10 രൂപ നിരക്ക് മാത്രം ഈടാക്കി ജനകീയ സർവീസുകൾ നടത്തിയത് ആന്റണിരാജുവായിരുന്നു. മന്ത്രിമാറിയപ്പോൾ ഈ സർവീസുകളിൽ പലതും നിന്നു. നിരക്ക് വർദ്ധനയും ഉണ്ടായി. ഗജരാജ എന്ന പേരിലായിരുന്നു അന്ന് സ്ലീപ്പർ എ.സി ബസുകൾ നിരത്തിലിറക്കിയത്.

അന്ന് പുറത്തിറക്കിയത്

എ.സി സ്ലീപ്പർ 08

എ.സി സീറ്റർ 20

ഡീലക്സ് 88

സൂപ്പർ ഫാസ്റ്റ് 151

ഇലക്ട്രിക് ബസുകൾ 50

ഇലക്ട്രിക് ബസ് (സ്മാർട്ട് സിറ്റി) 113