ആവേശ ക്രിക്കറ്റ്; ഇങ്ങ് പോരെ...
തിരുവനന്തപുരം: ഓണക്കാലത്ത് ആവേശപ്പൂരമായി കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ഇന്ന് തുടക്കമാകും. ഇന്ത്യൻ താരം സഞ്ജു സാംസൺ ഉൾപ്പടെയുള്ള താരനിര ട്വന്റി-20 പോരാട്ടങ്ങളിൽ അണിനിരക്കും. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. കാണികൾക്ക് സൗജന്യപ്രവേശനം. കേരള ക്രിക്കറ്റ് അസോസിയേഷനാണ് സംഘാടകർ.
ഇന്ന് ഉച്ചയ്ക്ക് 2.30ന് നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്സും റണ്ണേഴ്സ് അപ്പായ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസും തമ്മിലാണ് ആദ്യ മത്സരം.
വൈകിട്ട് 6.30ന് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ മോഹൻലാൽ ഉൾപ്പടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കും. രാത്രി 7.45ന് സഞ്ജു സാംസണിന്റെ കൊച്ചി ബ്ളൂടൈഗേഴ്സ് ട്രിവാൻഡ്രം റോയൽസിനെ നേരിടും.
സെപ്തംബർ ഏഴിനാണ് ഫൈനൽ. മോഹൻലാലാണ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ. ''ആവേശ ക്രിക്കറ്റ്, ഇങ്ങ്പോരെ..." - എന്ന പഞ്ച് ഡയലോഗുമായാണ് മോഹൻലാൽ കളികാണാൻ ആരാധകരെ ക്ഷണിക്കുന്നത്.