ഓണം വിളിപ്പുറത്ത്, ശമ്പളം കിട്ടാതെ സ്കൂൾ പാചകത്തൊഴിലാളികൾ

Thursday 21 August 2025 12:31 AM IST

ആലപ്പുഴ:ആഗസ്റ്റ് 20 പിന്നിട്ടിട്ടും ജൂലായിലെ ശമ്പളം കിട്ടാതാവുകയും ഉത്തരവ് ഇറങ്ങാത്തതോടെയും ഓണത്തിന് കാലിക്കൈകളുമായി ഇരിക്കേണ്ട ഗതികേടിലാകുമോ എന്ന ആശങ്കയിൽ സ്കൂൾ പാചകത്തൊഴിലാളികൾ.ആഗസ്റ്റ് ആദ്യവാരത്തോടെയാണ് ജൂൺ മാസത്തിലെ ശമ്പളവിതരണം പൂർത്തിയായത്. എല്ലാമാസവും അഞ്ചാംതീയതിക്ക് മുമ്പ് ശമ്പളം ലഭിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം.അത് നടപ്പാകാതായിട്ട് മാസങ്ങളായി.

ഓണത്തിന് ഉത്സവബത്തയായി 1300 രൂപയാണ് ഇവർക്ക് ലഭിക്കുന്നത്.ഇത് വർദ്ധിപ്പിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല.ഔദ്യോഗിക കണക്ക് പ്രകാരമുള്ള തൊഴിലാളികൾക്ക് മാത്രമാണ് ഉത്സവബത്ത ലഭിക്കുന്നത്. ഇവരുടെ സഹായികളായി നിരവധിപ്പേർ ജോലി ചെയ്യുന്നുണ്ട്.

ഈ വർഷം ജോലി നഷ്ടപ്പെട്ടത് 100 പേർക്ക്

സംസ്ഥാനത്ത് ഈ അദ്ധ്യയന വർഷം മാത്രം നൂറോളം തൊഴിലാളികൾക്ക് ജോലി നഷ്ടമായതായി സ്കൂൾ പാചകത്തൊഴിലാളി യൂണിയനുകൾ പറയുന്നു.500 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്നതാണ് കണക്ക്.150ൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ആഹാരം പാചകം ചെയ്യാൻ ഒരാളെക്കൊണ്ട് സാധിക്കില്ലെന്ന് തൊഴിലാളികൾ പറയുന്നു.ജോലിഭാരം കുറയ്ക്കാൻ പാചകത്തൊഴിലാളികൾ തന്നെ സഹായിയായി ഒരാളെ നിയമിക്കും.ശമ്പളത്തിന്റെ പകുതി സഹായിക്ക് നൽകും.250 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്ന നിലയിലേക്ക് മാറ്റണമെന്ന ആവശ്യം സർക്കാർ നടപ്പിലാക്കിയിട്ടില്ല.

ആകെ അംഗീകൃത തൊഴിലാളികൾ : 13327

നിലവിൽ ജോലി ചെയ്യുന്നവർ : 20000ൽ അധികം

 ദിവസശമ്പളം: ₹600

 ഉത്സവബത്ത: ₹1300

 അവധിക്കാല അലവൻസ്: ₹2000

സമരത്തിലേക്ക്

വിദ്യാഭ്യാസ മന്ത്രി സ്കൂൾപാചക തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് 28 മുതൽ സെപ്തംബർ എട്ടുവരെയുള്ള വിവിധ ദിവസങ്ങളിൽ സംസ്ഥാനത്ത് സ്കൂൾ പാചകത്തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ സമരം നടത്തും.

''ഓണക്കാലമായിട്ടും തൊഴിലാളികൾക്ക് ശമ്പളം നൽകാത്തത് പ്രതിഷേധാർഹമാണ്.ഉത്സവ ബത്തയിൽ വർദ്ധനവ് വരുത്തി ഇത്തവണ ഓണത്തിന് മുമ്പായി വിതരണം ചെയ്യണം''

- പി.ജി.മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി, സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ