@ ട്രെയിൻ, ബസ് ടിക്കറ്റുകൾക്ക് നെട്ടോട്ടം കഠിനമാകും ഓണക്കാലയാത്ര

Thursday 21 August 2025 12:34 AM IST
ട്രെയിൻ

കോഴിക്കോട്: ഓണമടുത്തതോടെ നാട്ടിലെത്താൻ യാത്രാടിക്കറ്റുകൾക്കായി മറുനാടൻ മലയാളികൾ നെട്ടോട്ടത്തിൽ. ബംഗളൂരു, ചെന്നൈ, തുടങ്ങിയ പ്രധാന നഗരങ്ങളിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും ട്രെയിൻ ടിക്കറ്റിന് ശ്രമിക്കുമ്പോൾ വെയിറ്റിംഗ് ലിസ്റ്റ് 100ന് മുകളിലാണ്. കേരളത്തിൽ തെക്കൻ, വടക്കൻ ജില്ലകളിൽ കഴിയുന്നവരും എങ്ങനെ നാടുപിടിക്കുമെന്നറിയാതെ വട്ടംകറങ്ങുകയാണ്. തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടുള്ള രാത്രികാല ട്രെയിനിൽ ഒന്നും സെപ്തംബർ പകുതിവരെ ടിക്കറ്റ് ബുക്കിംഗ് സാധിക്കുന്നില്ല. തിരുവനന്തപുരത്ത് നിന്ന് വടക്കോട്ട് പോകുന്ന ഏറനാട്, പരശുറാം, ശനജനശതാബ്ദി

എക്സ‌് പ്രസുകളിലും സമാന സ്ഥിതിയാണ്. ഓൺലൈൻ വഴിയുള്ള തത്കാൽ ടിക്കറ്റും കിട്ടുമെന്ന് ഉറപ്പുമില്ല. തത്കാൽ ബുക്കിംഗ് ആരംഭിച്ചാൽ രണ്ടോ മൂന്നോ മിനിറ്റിനകം ടിക്കറ്റുകൾ തീരുന്നു. റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിൽ ടിക്കറ്റെടുക്കാൻ

പുലർച്ചെ നാലിനോ അഞ്ചിനോ എത്തിയാലും രക്ഷയില്ലെന്നാണ് യാത്രക്കാർ പറയുന്നത്. കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകളിലെ സ്ഥിതിയും സമാനം. മിക്ക ബസുകളിലും ബുക്കിംഗ് പൂർണമായി. ട്രെയിൻ, കെ.എസ്.ആർ.ടി.സി ടിക്കറ്റുകളേക്കാൾ ഉയർന്ന നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് സീസൺ അനുസരിച്ച് തോന്നുംപോലെയാണെന്ന

ആക്ഷേപമുണ്ട്. ബംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള സ്വകാര്യ ബസുകളിൽ 2000 രൂപയോളമാണ് ടിക്കറ്റ് ചാർജ്.

സ്‌പെഷ്യൽ സർവീസുകളുമായി

റെയിൽവേയും കെ.എസ്.ആർ.ടി.സിയും

ബംഗളൂരു, മൈസൂരു, ചെന്നൈ റൂട്ടിൽ ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസുകൾ നടത്തും. ആഗസ്റ്റ് 29 മുതൽ സെപ്തം. 15 വരെയാണ് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള അധിക സർവീസുകൾ ആരംഭിക്കുന്നത്. ഓൺലൈൻ വഴിയാണ് ബുക്കിംഗ്. ബംഗളൂരുവിൽ നിന്ന് കുട്ട, മാനന്തവാടി വഴിയാണ് കോഴിക്കേട്ടേക്കും മലപ്പുറത്തേക്കുമുള്ള സർവീസുകൾ. സൂപ്പർ ഫാസ്റ്റ് ബസുകളും സൂപ്പർ ഡീലക്സ് ബസുകളുമാണ് സർവീസ് നടത്തുക. ഇവയിലും ടിക്കറ്റുകൾ വിറ്റഴിഞ്ഞു. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

ട്രെയിൻ അധിക സർവീസ്

06041 മംഗളൂരു ജംഗ്ഷൻ തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് ആഗസ്റ്റ് 21, 23, 28, 30, സെപ്തം. 4, 6, 11, 13 തിയതികളിൽ സർവീസ് നടത്തും. 06042 തിരുവനന്തപുരം നോർത്ത് മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് ഓഗസ്റ്റ് 22, 24, 29, 31, സെപ്തം. 5, 7, 12, 14 തിയതികളിൽ സർവീസ് നടത്തും. 06047 മംഗളൂരു ജംഗ്ഷൻ കൊല്ലം എക്സ്പ്രസ് ഓഗസ്റ്റ് 25, സെപ്തം. 1, 8 തീയതിലും 06048 കൊല്ലം മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് ഓഗസ്റ്റ് 26, സെപ്തം. 2,9 തീയതികളിലും സർവീസ് നടത്തും.