വീട്ടമ്മയുടെ ആത്മഹത്യ: റിട്ട. പൊലീസുകാരനും ഭാര്യയും ഒളിവിൽ, മകൾ കസ്റ്റഡിയിൽ
പറവൂർ: വീട്ടമ്മ പുഴയിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ വട്ടിപ്പലിശക്കാരനായ പൊലീസ് റിട്ട. ഡ്രൈവർ കോട്ടുവള്ളി കടത്തുകടവിൽ പ്രദീപിന്റെ മകൾ ദീപയെ പറവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ദീപയുടെ ഭർത്താവിന്റെ എറണാകുളം കലൂരിലുള്ള സ്ഥാപനത്തിലെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പ്രദീപിനും ഭാര്യ ബിന്ദുവിനുമെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി. ഇരുവരും ഒളിവിലാണ്. കോട്ടുവള്ളി സൗത്ത് പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശയ (46) ആണ് കഴിഞ്ഞ ദിവസം പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ആശയുടെ വീട്ടിൽ പണം ആവശ്യപ്പെട്ട് പ്രദീപും ഭാര്യയും എത്തിയപ്പോൾ മക്കളായ ദീപയും ദിവ്യയും ഇവർക്കൊപ്പമുണ്ടായിരുന്നതായി മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മക്കളും കേസിൽ പ്രതികളായേക്കും.
അന്വേഷണത്തിന് മുനമ്പം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പത്തംഗസംഘത്തെ നിയോഗിച്ചെന്ന് റൂറൽ എസ്.പി എം. ഹേമലത പറഞ്ഞു. പണമിടപാടിനെക്കുറിച്ച് അന്വേഷിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷമാണ് പ്രദീപ് പൊലീസ് ഡ്രൈവറായത്.
കടംവാങ്ങിയ തുകയുടെ ഇരട്ടി മടക്കി നൽകിയിട്ടും പ്രദീപും ഭാര്യയും ഭീഷണി തുടർന്നപ്പോഴാണ് ജീവനൊടുക്കാൻ ആശ തീരുമാനിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ നിന്ന് വ്യക്തമായി. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നത്.
ആശയുടെ ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ചു. 2022ൽ 10 ലക്ഷം രൂപ ആശ പലിശയ്‌ക്ക് വാങ്ങിയ വിവരം കഴിഞ്ഞ ദിവസമാണ് വീട്ടുകാരറിഞ്ഞത്. പണം എന്തിന് ചെലവാക്കിയെന്നും വ്യക്തമായിട്ടില്ല. പറവൂർ താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ വൈകിട്ട് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിച്ചു.
വരാപ്പുഴക്കേസിലെ കൈക്കൂലിക്കാരൻ
പൊലീസ് കസ്റ്റഡിയിൽ മരിച്ച വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്ന് സർവീസിലിരിക്കെ കൈക്കൂലി വാങ്ങിയതിന് പ്രദീപിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെ 2018 ഏപ്രിലിലാണ് വീടാക്രമണവുമായി ബന്ധപ്പെട്ട് റൂറൽ എസ്.പിയുടെ ടൈഗർ ഫോഴ്‌സ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കേസിൽ നിന്നൊഴിവാക്കാൻ പറവൂർ സി.ഐയുടെ ഡ്രൈവറായിരുന്ന പ്രദീപ്, ശ്രീജിത്തിന്റെ വീട്ടുകാരിൽ നിന്ന് 25,000 രൂപ ആവശ്യപ്പെട്ടു. 15,000 രൂപ നൽകി. ശ്രീജിത്ത് അടുത്ത ദിവസം കസ്റ്റഡിയിൽ മരിച്ചു. ഇതോടെ അഭിഭാഷകർ വഴി പ്രദീപ് പണം തിരിച്ചുനൽകി. ഇക്കാര്യം പുറത്തായതോടെയാണ് സസ്‌പെൻഡ് ചെയ്തത്. ആറ് മാസത്തിനു ശേഷമാണ് സർവീസിൽ തിരിച്ചുകയറിയത്.