വീട്ടിൽ കയറി യുവതിയെ തീ കൊളുത്തി

Thursday 21 August 2025 12:22 AM IST

കണ്ണൂർ: മയ്യിൽ കുറ്റ്യാട്ടൂരിൽ യുവതിയെ യുവാവ് വീട്ടിൽ കയറി പെട്രോളൊഴിച്ച് തീകൊളുത്തി. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) ആക്രമണത്തിനിരയായത്. ആക്രമണം നടത്തിയ പെരുവളത്തുപറമ്പ് കൂട്ടാവ് പട്ടേരി ഹൗസിൽ ജിജേഷിനും (40) പൊള്ളലേറ്റു. ഇരുവരും പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ അജീഷിന്റെ അച്ഛൻ അച്യുതനും അമ്മ സുശീലയും പ്രവീണയും മകൾ ശിവദയും താമസിക്കുന്ന വാടകവീട്ടിലാണ് സംഭവം. അജീഷ് വിദേശത്താണ്. വീടിന്റെ മുന്നിലിരിക്കുകയായിരുന്ന അച്യുതനോട് വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് അകത്തുകയറി അടുക്കള ഭാഗത്തേക്ക് കടന്ന ജിജേഷ് യുവതിയെ തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് അടുക്കള ഭാഗത്തെ വർക്ക് ഏരിയയിൽ പൊള്ളലേറ്റ നിലയിൽ ഇരുവരെയും കണ്ടത്. യുവതിയെ തീ കൊളുത്തിയശേഷം ജിജേഷ് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച സൂചന.