ദാവണിയുടുത്ത് ന്യൂജെൻ ഓണം
പത്തനംതിട്ട : ചുരിദാറും സാരിയുമൊക്കെ ഔട്ട് , ഓണത്തിന് ദാവണിയാണ് പുതുതലമുറയ്ക്ക് പ്രിയം. കസവ് പാവാടയും വിവിധ കളറുകളിൽ ഷോളും ബ്ലൗസും. വസ്ത്രശാലകളിൽ ദാവണികൾ മുൻനിരയിൽ തന്നെ ഇടംപിടിച്ച് കഴിഞ്ഞു. 1100 രൂപയാണ് അത്യാവശ്യം വിറ്റ് പോകുന്ന ദാവണിയുടെ ഏറ്റവും കുറഞ്ഞ വില. ആയിരത്തിനകത്ത് നിൽക്കുന്ന ദാവണിയും ഉണ്ട്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ കൂട്ടമായി ദാവണി വാങ്ങാനായി ഓർഡർ നൽകുന്നുണ്ട്.
ദാവണി
നീളത്തിലുള്ള പാവാടയും ബ്ലൗസും വേഷമാക്കിയിരുന്ന മലയാളിയുടെ സൗന്ദര്യബോധത്തിലേക്ക് കടന്നുവന്ന ഹാഫ് സാരിയുടെ പുതുനാമമാണ് ദാവണി. തമിഴ്നാട്, ആന്ധ്രാ, കർണാടക പ്രദേശങ്ങളിലെ ദാവണി ഇപ്പോൾ മലയാളിയുടെ ആഘോഷവേളകളിലും ഇടംതേടിയിരിക്കുന്നു.
കസവണിഞ്ഞ് കസറാം
സെറ്റ് സാരിയും മുണ്ടുമാണ് ഓണത്തിന് പ്രിയമേറെയുള്ള വസ്ത്രം. ആണുങ്ങൾക്ക് കസവ് മുണ്ടും ഷർട്ടും. ഓണത്തിന് കസവ് വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് വ്യാപാര സ്ഥാപനങ്ങൾ ഒരുക്കിയിരിക്കുന്നത്. 350 രൂപയിൽ തുടങ്ങുന്ന കസവ് വസ്ത്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്. കസവ് സാരി, ചുരിദാർ, മുണ്ട്, പട്ടു പാവാടകൾ എന്നിവ വിപണിയിലുണ്ട്. ചുരിദാറുകൾക്ക് 650 രൂപ മുതലാണ് വില. രണ്ടായിരം രൂപയുടെ അടക്കം കസവ് വസ്ത്രങ്ങൾ ലഭ്യമാകും. പ്രിന്റഡ് സാരികളും എബ്രോയിഡറി വർക്കുകളും അടങ്ങിയ വസ്ത്രങ്ങൾ വലിയ രീതിയിൽ വിറ്റഴിയുന്നുണ്ട്.