ആശ്രാമം മൈതാനത്ത് ഹൈടെക് 'രക്തരക്ഷസ്സ്"
കൊല്ലം: ഇന്ത്യൻ നാടകവേദിയിൽ പ്രകമ്പനം സൃഷ്ടിച്ച രക്തരക്ഷസ്സ് കൊല്ലത്ത് എത്തുന്നു. കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭൻ ഏരീസ് ഗ്രൂപ്പുമായി ചേർന്ന് എരീസ് കലാനിലയം എന്ന പുതിയ പേരിലാണ് രക്തരക്ഷസ്സിനെ വീണ്ടും അരങ്ങിലെത്തിക്കുന്നത്.
നൂറ്റമ്പതിലേറെ കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും ഭാഗമാകുന്ന നാടകം ആശ്രാമത്ത് ഒരു മാസത്തോളം അവതരിപ്പിക്കുമെന്ന് ഏരീസ് കലാനിലയം മാനേജിംഗ് ഡയറക്ടർ അനന്തപത്മനാഭൻ പറഞ്ഞു. ശീതീകരിച്ച ഓഡിറ്റോറിയത്തിൽ മുൻനിരയിൽ മുഴുവൻ പുഷ്‌ബാക്ക് സീറ്റുകളാണ്.
ഓൺലൈനായും ഓഫ്‌ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. രണ്ട് അദ്ധ്യായങ്ങളായാണ് രക്തരക്ഷസ്സിന്റെ അവതരണം. ഇപ്പോൾ അവതരിപ്പിക്കുന്നത് ഒന്നാം അദ്ധ്യായമാണ്. ഒന്നാം ഭാഗത്തിൽ പറയാൻ ബാക്കി നിൽക്കുന്ന മഹാരഹസ്യം രണ്ടാം ഭാഗമായി അടുത്തവർഷം അരങ്ങിലെത്തും. അനന്തപത്മനാഭനാണ് ഒന്നാം അദ്ധ്യായത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. 22ന് ആശ്രാമം മൈതാനത്ത് വൈകിട്ട് 6ന് മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യും.
7.1 ശബ്ദ മികവ്
7.1 ശബ്ദമികവ് സഹിതം അത്യാധുനിക സാങ്കേതിക വിദ്യകളോടെയാണ് രക്തരക്ഷസ്സ് വീണ്ടും എത്തുന്നത്.1973 ലാണ് മലയാള നാടകവേദിക്ക് അപരിചിതമായിരുന്ന ഞെട്ടലുകളുടെ ദൃശ്യവസന്തവുമായി രക്തരക്ഷസ്സ് പിറക്കുന്നത്. കേരളത്തിനകത്തും പുറത്തും അനേകം വേദികളിൽ വർഷങ്ങളോളം നിറഞ്ഞ വേദികളെ പൂരപ്പറമ്പാക്കി. കലാനിലയം കൃഷ്ണൻ നായർ അരങ്ങൊഴിഞ്ഞപ്പോൾ മകൻ അനന്തപത്മനാഭൻ ചലച്ചിത്രതാരം ജഗതി ശ്രീകുമാറുമായി ചേർന്ന് കലാനിലയം ഡ്രാമാവിഷന് പുനർജീവൻ നൽകി. തുടർന്ന് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ രക്തരക്ഷസ്സിന് പുതിയ രൂപവും ഭാവവും നൽകുകയായിരുന്നു.
ഒരു ദിവസം
02 പ്രദർശനം
വൈകിട്ട് 6നും
രാത്രി 9നും
ടിക്കറ്റ് നിരക്ക്
₹ 800, ₹ 500, 200