കിലോയ്ക്ക് വില 250 രൂപവരെ; ഗുണത്തിലും കേമൻ, തീരത്തെ ജനങ്ങൾക്ക് വരുമാന മാർഗമായി ഈ കൃഷി
ആറ്റിങ്ങൽ: തീരത്തെ ജനങ്ങൾക്ക് പുതിയ വരുമാനമാർഗ്ഗമായി കല്ലുമ്മക്കായ കൃഷി സജീവമാകുന്നു.
രുചിയും ഗുണവുമുള്ള കല്ലുമ്മക്കായകളെ സംരക്ഷിച്ച് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ തുടങ്ങിയിരിക്കുകയാണ് ഇവർ.
കട്ടിയുള്ള പുറംതോടും, മൃദുലമായ മാംസവും ഉള്ള ഇവ കടൽത്തീരങ്ങളിലെ പാറക്കെട്ടുകളിലും തീരങ്ങളിൽ അടിഞ്ഞുകിടക്കുന്ന പാഴ്‌വസ്തുക്കളിലും പരുപരുത്ത പ്രതലത്തിലും പറ്റിപ്പിടിച്ചാണ് വളരുന്നത്.
പച്ചയും തവിട്ട് നിറവും കലർന്ന പുറംതോടോടുകൂടിയ കല്ലുംമ്മേക്കായയാണ് കേരളത്തിൽ സുലഭമായി കാണപ്പെടുന്നത്. ഇവ കൃഷിചെയ്യുന്നതാണ് ഏറ്റവും അനുയോജ്യവും ലാഭകരവും. പാറക്കെട്ടുകളിൽ വോരൂന്നി വളരുന്ന കല്ലുംമ്മക്കായ ഇളക്കിയെടുക്കാൻ ഏറെ പ്രയാസമാണ്.
നാവിൽ കൊതിയൂറും വിഭവങ്ങളിൽ കല്ലുമ്മക്കായെ വെല്ലാൻ മറ്റൊന്നില്ല.
കൃഷിയും ലാഭം
നവംബർ-ഡിസംബർ മാസങ്ങളിലാണ് സാധാരണ കൃഷിചെയ്യുന്നത്. 5 മുതൽ 6 വരെ മാസമാണ് വളർച്ചാസമയം. മാലിന്യം ഇല്ലാത്തതും ശക്തമായ തിരകൾ ഇല്ലാത്തതുമായ സ്ഥലമാണ് കൃഷിക്ക് അനിയോജ്യം. ഇവ ജലത്തിലെ പ്ലാവകങ്ങളെ(ജലത്തിൽ പൊങ്ങിക്കിടക്കുന്ന സൂക്ഷ്മ ജീവികൾ) ആഹാരമാക്കുന്നതിനാൽ മറ്റ് ഭക്ഷണങ്ങൾ നൽകേണ്ടതില്ല.
വില..... കിലോ 250 വരെ
ഗുണത്തിലും കേമൻ
കക്കയുടെ വർഗത്തിൽ തന്നെയുള്ള കല്ലുമ്മക്കായ കാത്സ്യം, മാംസം, ധാതുലവണങ്ങൾ, വൈറ്റമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കല്ലുമ്മക്കായ രൂചിയിലും രാജാവ് തന്നെ. വെള്ളത്തിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാനുള്ള കഴിവ് ഇതിനുണ്ട്. നാലു കിലോ കല്ലുംമ്മക്കായി വൃത്തിയാക്കിയാൽ ഒരു കിലോ ഇറച്ചി ലഭിക്കും.
കല്ലുമ്മക്കായ അത്ര ചെറുതല്ല
കടലിലെ മലിനീകരണത്തെ ചെറുക്കാൻ കല്ലുമ്മക്കായകൾ സഹായിക്കുന്നുണ്ടെന്നാണ് പഠനം. കടലിൽ അടിയുന്ന സൂക്ഷ്മ പ്ലാസ്റ്റിക്കുകളും കീടനാശിനിയും മറ്റ് മാലിന്യവുമൊക്കെ ജൈവ സൂചകങ്ങളായ കല്ലുമ്മക്കായ അകത്താക്കും. ബാക്കി വരുന്ന ജലം ശുദ്ധീകരിച്ചു പുറത്തേക്ക് വിടുന്നു. ഒരു ദിവസം ഇങ്ങനെ 25 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ഓരോ കല്ലുമ്മകായക്കും കഴിവുണ്ട്.