ആശുപത്രികളുടെ നിലവാരം ഉറപ്പാക്കാൻ പരാതി പരിഹാര കമ്മിറ്റി

Thursday 21 August 2025 3:47 AM IST

കൊച്ചി: മെഡിക്കൽ കോളേജുകളുൾപ്പെടെയുള്ള ആശുപത്രികളുടെ പ്രവർത്തന നിലവാരം ഉറപ്പാക്കാൻ പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളെക്കുറിച്ചും കമ്മിറ്റിക്ക് പരാതികൾ നൽകാം. റിട്ട. അഡിഷണൽ ലാ സെക്രട്ടറി എൻ. ജീവനാണ് ചെയർമാൻ. റിട്ട. പൊലീസ് സർജൻ ഡോ. പി.ബി. ഗുജറാൾ, കേരള മെഡിക്കൽ കൗൺസിൽ ലീഗൽ സെൽ ചെയർമാനും ന്യൂറോളജിസ്റ്റുമായ ഡോ. വി.ജി. പ്രദീപ്കുമാർ എന്നിവരാണ് അംഗങ്ങൾ.

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചതെന്നും സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ വിശദീകരിച്ചു.

ആശുപത്രികൾ പരിശോധിക്കുന്നതിനുള്ള ചട്ടം രൂപീകരിക്കാൻ മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം സത്യവാങ്മൂലമായി ഫയൽ ചെയ്യാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതും, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അപര്യാപ്തതകളെക്കുറിച്ചുള്ള ഡോക്ടറുടെ വെളിപ്പെടുത്തലുമടക്കം ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി ജി. സാമുവലാണ് പൊതുതാത്പര്യ ഹർജി നൽകിയത്.