അയ്യപ്പ പുണ്യവുമായി കൃഷ്ണൻപോറ്റി ഇന്ന് മലയിറങ്ങും

Thursday 21 August 2025 3:47 AM IST

ശബരിമല: ഒരുവർഷം അയ്യപ്പനെ സേവിച്ചതിന്റെ പുണ്യവുമായി ശബരിമല കീഴ്ശാന്തി (ഉൾക്കഴകം) എസ്. കൃഷ്ണൻ പോറ്റി ഇന്ന് മലയിറങ്ങും. തിടപ്പള്ളിയുടെ ചുമതലയാണ് കീഴ്ശാന്തി നിർവഹിക്കുന്നത്. ഭഗവാനുള്ള നിവേദ്യങ്ങൾ തയ്യാറാക്കുന്നത് തിടപ്പള്ളിയിലാണ്.

പ്രഭാതത്തിൽ ദീപം തെളിച്ച് മേൽശാന്തിയേയും തന്ത്രിയേയും സന്നിധാനത്തേക്ക് ആനയിക്കുന്നത് കീഴ്ശാന്തിയാണ്. ശ്രീകോവിലിന് പുറത്തുള്ള നെൽപറ സമർപ്പണം, മഞ്ഞൾപറ സമർപ്പണം, കുട്ടികൾക്കുള്ള ചോറൂണ് തുടങ്ങിയ ചടങ്ങുകളും നിർവഹിക്കും. തന്ത്രിയുടെയും മേൽശാന്തിയുടെയും സഹായിയായി ശ്രീകോവിലിൽ കയറുമ്പോഴുള്ള ദിവ്യാനുഭൂതി വിവരിക്കാൻ കഴിയില്ലെന്ന് കൃഷ്ണൻ പോറ്റി പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യം അമ്പാടിനഗർ ലൈൻഒന്നിൽ ശ്രീഭദ്ര വീട്ടിൽ കൃഷ്ണൻ പോറ്റി ജ്യേഷ്ഠൻ നാരായണൻ പോറ്റിയുടെ പിൻഗാമിയായാണ് നറുക്കെടുപ്പിലൂടെ ശബരിമലയിലെത്തിയത്. മുമ്പ് ആനയറ വലിയ ഉദയേശ്വരം മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരി ശ്രീജാദേവിയാണ് ഭാര്യ. നിയമ വിദ്യാർത്ഥിയായ അനന്തകൃഷ്ണൻ, ഏഴാംക്ലാസ് വിദ്യാർത്ഥികളായ ദേവകൃഷ്ണൻ, ഹരികൃഷ്ണൻ എന്നിവരാണ് മക്കൾ.