ജയിൽചാട്ടം: ഗോവിന്ദച്ചാമിക്ക് ആയുധം ലഭിച്ചതിൽ സംശയം

Thursday 21 August 2025 3:54 AM IST

കണ്ണൂർ: പൊലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ച് കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയിൽ സെല്ലിന്റെ ഇരുമ്പഴികൾ മുറിക്കുക എളുപ്പമല്ലെന്ന് കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ച വിദഗ്ദ്ധ സമിതി വിലയിരുത്തൽ. നാല് കമ്പികളുടെ രണ്ടറ്റവും വൈദഗ്ദ്ധ്യത്തോടെയാണ് അയാൾ മുറിച്ചത്. ഇതിനുള്ള ആയുധം ലഭിച്ചത് സംബന്ധിച്ചും സംശയമുണ്ട്. സാദാ ഹാക്‌സാ ബ്ലേഡ് കൊണ്ട് ഇത്രയും കരുത്തുള്ള കമ്പി മുറിക്കാനാവില്ല. മറ്റെന്തോ കൂടുതൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചിരിക്കാം.

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ, മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ സമിതി രണ്ടുദിവസമായി നടത്തിയ പരിശോധനയ്ക്കു ശേഷം വിലയിരുത്തി. ഉദ്യോഗസ്ഥരുടെ വീഴ്ച പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജയിൽ ചാടുന്നതിനായി ഗോവിന്ദച്ചാമി നടത്തിയ നീണ്ട തയ്യാറെടുപ്പ് ജയിൽ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചില്ലെന്നത് വലിയ വീഴ്ചയാണ്. സെല്ലിന്റെ കമ്പികൾ മുറിക്കുന്ന പ്രവർത്തനം കണ്ടെത്താനാകാത്തതും ഗുരുതരവീഴ്ചയാണ്. വിശദ പരിശോധനയ്ക്കു ശേഷം സമിതി ജയിൽ ഉദ്യോഗസ്ഥരുമായി പ്രത്യേക യോഗവും ചേർന്നു.

ജയിൽ സുരക്ഷയ്ക്ക് ഭീഷണി

1.കണ്ണൂർ ജയിലിലെ അടിസ്ഥാന സൗകര്യങ്ങളിലെ കുറവും സമിതി കണ്ടെത്തി. കാലപ്പഴക്കമേറിയ സെല്ലുകളും തകർച്ചയുടെ വക്കിലുള്ളചുറ്റുമതിലുകളും ജയിൽ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണ്

2.അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലുകളും സമിതി പരിശോധിച്ചു. ജയിലിന്റെ മൊത്തത്തിലുള്ള പരിഷ്‌കാരം അത്യാവശ്യമാണെന്ന് വിലയിരുത്തി

റിപ്പോർട്ട് 6 മാസത്തിനകം

സംസ്ഥാനത്തെ മറ്റ് ജയിലുകളിലെ സാഹചര്യങ്ങളും സമിതി പഠിക്കും. ശേഷം സമഗ്രമായ നിർദ്ദേശങ്ങളോടെ ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.