കെ.സി.എൽ 2 കൊടിയേറ്റം

Thursday 21 August 2025 4:04 AM IST

തിരുവനന്തപുരം : ഐ.പി.എൽ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കൊടിയേറ്റം. ആദ്യ സീസണിലേതുപോലെ ആറു ടീമുകളാണ് ഇക്കുറിയും മാറ്റുരയ്ക്കുന്നത്. അദാനി ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, ആലപ്പി റിപ്പിൾസ്,കൊച്ചി ബ്ളൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റാൻസ്, കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് എന്നിവയാണ് ടീമുകൾ. ഇന്ന് ഉച്ചയ്ക്ക് 2.30ന് കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്സും റണ്ണേഴ്സ് അപ്പായ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസും തമ്മിലാണ് ആദ്യ മത്സരം.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേയും ഐ.പി.എല്ലിലേയും കേരളത്തിന്റെ അഭിമാനം സഞ്ജു സാംസൺ ഇക്കുറി കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്നു എന്നതാണ് രണ്ടാം പതിപ്പിന്റെ മുഖ്യ ആകർഷണം. കൊച്ചി ബ്ളൂ ടൈഗേഴ്സ് ടീമിലാണ് സഞ്ജു കളിക്കുന്നത്. സഞ്ജുവിന്റെ ജേഷ്ഠൻ സലി സാംസണാണ് ഈ ടീമിന്റെ നായകൻ. ആദ്യ സീസൺ കെ.സി.എല്ലിൽ നിന്ന് ഐ.പി.എല്ലിലേക്ക് ഉയർന്ന ചൈനാമാൻ സ്പിന്നർ വിഘ്നേഷ് പുത്തൂരും കേരളത്തെ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് നയിച്ച സച്ചിൻ ബേബിയും ആ യാത്രയിൽ ഒപ്പംനിന്ന് ഉൗർജ്ജം പകർന്ന സൽമാൻ നിസാറും വിഷ്ണു വിനോദും ജലജ് സക്സേനയും മുഹമ്മദ് അസ്ഹറുദ്ദീനുമൊക്കെ ഈ സീസണിലും കെ.സി.എല്ലിന് ആവേശം പകരാൻ ഉണ്ടാവും.

ആഗസ്റ്റ് 21 ന് ആരംഭിച്ച് സെപ്തംബർ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് കെ.സി.എൽ രണ്ടാം പതിപ്പ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രാഥമിക ലീഗ് റൗണ്ടിൽ ഒരോ ടീമും രണ്ട് തവണ വീതം എതിർ ടീമുകളുമായി ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാലുടീമുകൾ സെമിഫൈനലിലേക്കെത്തും. സെപ്തംബർ അഞ്ചിനാണ് സെമിഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. സെപ്തംബർ ഏഴിന് ഫൈനൽ. എല്ലാ മത്സരങ്ങളും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തന്നെയാണ് നടക്കുന്നത്. സ്റ്റാർ സ്‌പോർട്‌സ് 3, ഫാൻകോഡ് എന്നിവ കൂടാതെ ഇത്തവണ ഏഷ്യാനെറ്റിൽ പ്ലസിലും കളികളുടെ തത്സമയ സംപ്രേക്ഷണമുണ്ടാകും. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. ഒരു ദിവസം രണ്ട് മത്സരങ്ങൾ എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ മത്സരം 2.30നും രണ്ടാം മത്സരം 6.45നുമാണ്. ഇന്ന് ഉദ്ഘാടനചടങ്ങുകൾ പ്രമാണിച്ച് ട്രിവാൻഡ്രം റോയൽസും കൊച്ചി ബ്ളൂ ടൈഗേഴ്സും തമ്മിലുള്ള മത്സരം 7.45നാണ് തുടങ്ങുക. ആദ്യ ദിവസം തന്നെ സഞ്ജുവിന്റെ കളി കാണാൻ ആരാധകർക്ക് അവസരമുണ്ട്.

സാങ്കേതികതയിൽ

മുൻപന്തിയിൽ

സാങ്കേതിക സൗകര്യങ്ങളിൽ മറ്റേത് സംസ്ഥാനങ്ങളിലെ ലീഗുകളേക്കാളും മികച്ച രീതിയിൽ കെ.സി.എൽ സംഘടിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്. ഡി.ആർ.എസ് ഉൾപ്പടെയുള്ള സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് മത്സരത്തിന്റെ വിധി നിർണയം കാര്യക്ഷമമാക്കും. മികച്ച നിലവാരത്തിലുള്ള ഒൗട്ട്ഫീൽഡും പിച്ചുകളുമാണ് കാര്യവട്ടത്ത് ഒരുക്കിയിരിക്കുന്നത്.

ഗ്രീൻഫീൽഡിൽ

പുതിയ വെളിച്ചം

18 കോടി രൂപ മുടക്കി മെറ്റൽ ഹാലെയ്ഡ് ഫ്‌ളഡ്ലിറ്റുകൾ മാറ്റി സ്ഥാപിച്ച ഡി.എം.എക്സ് കൺട്രോൾ സിസ്റ്റമുള്ള ആധുനിക എൽ.ഇ.ഡി ഫ്‌ളഡ്ലിറ്റുകൾക്ക് കീഴിലാണ് രണ്ടാം സീസൺ കെ.സി.എൽ മത്സരങ്ങൾ നടക്കുക. ലൈറ്റുകളുടെ പ്രകാശതീവ്രത പൂജ്യം മുതൽ 100 ശതമാനംവരെ നിയന്ത്രിക്കാനാകും. ലൈറ്റിംഗ് സ്‌പെഷ്യൽ ഇഫക്ടുകളും ഡൈനാമിക്, ഓഡിയോ-റിയാക്ടീവ് ലൈറ്റിംഗ് ക്രമീകരണങ്ങളും സാദ്ധ്യമാണ്.ഇത്തരം സംവിധാനങ്ങളുള്ള രാജ്യത്തെ ചുരുക്കം സ്റ്റേഡിയങ്ങളിലൊന്നാണ് ഗ്രീൻഫീൽഡ് മാറി. സ്റ്റേഡിയത്തിലെ നാല് ടവറുകളിലായി 1600 വാട്ട്‌സ് പ്രൊഫഷണൽ എൽ.ഇ.ഡി ഗണത്തിൽപ്പെട്ട 392 ലൈറ്റുകളാണുള്ളത്. ഓരോ ടവറിലും രണ്ട് ഹൈ-മാസ്റ്റ് സംവിധാനങ്ങളുണ്ട്.

ആഘോഷമാക്കാൻ

ഫാൻ പാർക്കുകൾ

ഐ.പി.എൽ ഫാൻ പാർക്കുകളുടെ മാതൃകയിൽ ഈ സീസൺ മുതൽ വിവിധ സ്ഥലങ്ങളിൽ കെ.സി.എൽ ഫാൻ പാർക്കുകൾ ആരംഭിക്കുന്നുണ്ട്. ഓണക്കാലത്ത് കുടുംബങ്ങൾക്ക് കുട്ടികൾക്കൊപ്പമെത്താനും കെ.സി.എൽ മത്സരങ്ങൾ കാണാനും ചെറിയ വിനോദ ഗെയിമുകളിൽ ഏർപ്പെടാനുമുള്ള അവസരമാണ് ഫാൻ പാർക്കുകളിൽ ഏർപ്പെടുത്തുക.

പ്രദർശന വനിതാ ക്രിക്കറ്റ്

കെ.സി.എല്ലിന് പിന്നാലെ ഐ.സി.സി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങളും ഗ്രീൻഫീൽഡിലേക്ക് എത്തുന്നുണ്ട്. ആദ്യമായി വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കാൻ അവസരം ലഭിക്കുന്നത് ആഘോഷമാക്കാൻ സെപ്തംബർ ആറിന് വനിതാ ടീമുകളുടെ പ്രദർശന മത്സരം സംഘാടകർ ഒരുക്കുന്നുണ്ട്.