കേരള താരങ്ങളുടെ ചവിട്ടുപടി
സുഭാഷ് ജോർജ്,
പ്രസിഡന്റ്, കെ.സി.എ
കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങൾക്ക് മികവ് തെളിയിക്കാനും ദേശീയ ശ്രദ്ധപിടിച്ചുപറ്റാനുമുള്ള ഏറ്റവും മികച്ച മാർഗമാണ് കെ.സി.എല്ലിലൂടെ തുറക്കുന്നത്. കഴിഞ്ഞ സീസണിൽ മുംബയ് ഇന്ത്യൻസിന് വേണ്ടി ഐ.പി.എല്ലിൽ കളിച്ച വിഘ്നേഷ് പുത്തൂർ എന്ന യുവതാരത്തിന്റെ കാര്യം മാത്രം മതി ഇത്തരത്തിലുള്ള ഒരു ലീഗിന്റെ പ്രാധാന്യം മനസിലാകാൻ. ആദ്യ സീസൺ കെ.സി.എല്ലിൽ എല്ലാ മത്സരങ്ങളും കളിക്കുകയോ കളിച്ച മത്സരങ്ങളിൽ അസാമാന്യ പ്രകടനം കാഴ്ചവയ്ക്കുകയോ ചെയ്ത താരമല്ല വിഘ്നേഷ്. എന്നാൽ ആ കളിക്കാരനിലെ പ്രതിഭ കണ്ടറിഞ്ഞ മുംബയ് ഇന്ത്യൻസ് ടീമിന്റെ ടാലന്റ് ഹണ്ടിംഗ് ടീം അവരുടെ സെലക്ഷൻ ട്രയൽസിലേക്ക് ക്ഷണിക്കുകയായിരുന്നു. ഒരു മത്സരം മതി ഒരു കളിക്കാരന്റെ കരിയർ മാറിമറിയാൻ എന്ന് സാരം.
കഴിഞ്ഞ ഐ.പി.എൽ താരലേലത്തിന് മുമ്പ് കേവലം ഒരു വിഘ്നേഷിന് മാത്രമല്ല ഒരു ഡസനിലേറെ മലയാളി കളിക്കാർക്ക് വിവിധ ഐ.പി.എൽ ടീമുകളുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. മിക്ക ഐ.പി.എൽ ഫ്രാഞ്ചൈസികളുടേയും ടാലന്റ് ഹണ്ടിംഗ് സ്ക്വാഡ് കെ.സി.എല്ലിന് എത്തിയതിന്റെ ഫലമായിരുന്നു അത്. ഇക്കുറിയും അത്തരത്തിൽ നമ്മുടെ പ്രതിഭകളെത്തേടി സ്കൗട്ടുകൾ എത്തും. കേരളത്തിലെ കളിക്കാരെക്കുറിച്ച് ദേശീയ തലത്തിൽ ചർച്ചകൾ നടക്കുന്നു എന്നതും സന്തോഷകരമായ കാര്യമാണ്. അതിന് രഞ്ജി ട്രോഫി ഉൾപ്പടെയുള്ള ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിലെ നമ്മുടെ പ്രകടനവും ഒരു പ്രധാനഘടകമാണ്.
ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫിയുടെ ഫൈനലിൽ കളിച്ചത് കഴിഞ്ഞ സീസണിലാണ്. പരിശ്രമിക്കുമെങ്കിൽ അസാദ്ധ്യമായി ഒന്നുമില്ല എന്ന് തെളിയിച്ചാണ് സച്ചിൻ ബേബിയും സംഘവും ഫൈനൽ വരെയെത്തിയത്. കേരളം രഞ്ജി ട്രോഫിയിൽ മുത്തമിടുന്ന ആ നിമിഷം ഇനി അത്ര അകലെയല്ല എന്നാണ് നമ്മുടെ പ്രതിഭകളെ വിലയിരുത്തുമ്പോൾ മനസിലാകുന്നത്. അതിനായാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങളും.