പുതിയ ഉയരങ്ങളിലേക്ക് കേരള ക്രിക്കറ്റ്

Thursday 21 August 2025 9:04 AM IST

വിനോദ് എസ്.കുമാർ

സെക്രട്ടറി , കെ.സി.എ

കേരളത്തിലെ ക്രിക്കറ്റ് വികസനത്തിന് സമാനതകളില്ലാത്ത വികസനപദ്ധതികളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ആവിഷ്കരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനാെപ്പം കളിക്കാർക്ക് വേണ്ടി പുതിയ ടൂർണമെന്റുകളും ലീഗുകളും സംഘടിപ്പിക്കുകയും ചെയ്യുന്ന കെ.സി.എ ഈ ഗെയിമിന്റെ പ്രചാരത്തിനായും പരിശ്രമിക്കുന്നു.

കേരളത്തിൽ അത്യാധുനിക സ്റ്റേഡിയങ്ങൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ ധൃതഗതിയിൽ മുന്നേറുകയാണ്. അതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളോടും മറ്റും സഹകരിച്ച് സ്റ്റേഡിയങ്ങളും ഗ്രൗണ്ടുകളും നിർമ്മിച്ച് പരിപാലിക്കുന്നതിലും കെ.സി.എ ശ്രദ്ധാലുക്കളാണ്. കെ.സി.എ പ്രസിഡന്റ്സ് കപ്പ്, എൻ.എസ്.കെ ട്രോഫി തുടങ്ങിയ ടൂർണമെന്റുകളുടെ തുടർച്ചയെന്നോണമാണ് കഴിഞ്ഞ സീസണിൽ കേരള ക്രിക്കറ്റ് ലീഗിന് തുടക്കമിട്ടത്.

കെ.സി.എയുടെ പ്രധാന വികസനപദ്ധതികൾ

1. പാലക്കാട് സ്‌പോർട്‌സ് ഹബ്

ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്‌പോർട്സ് ഹബ്ബ് നിർമ്മിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും അകത്തേത്തറ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റും ധാരണാപത്രം കൈമാറി. പാട്ടക്കരാർ ഡിസംബറിൽ ഒപ്പിടും. ജനുവരിയിൽ ആദ്യഘട്ട നിർമ്മാണം തുടങ്ങും. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്‌ളഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തൽ കുളം, ബാസ്‌കറ്റ്ബാൾ, ഫുട്‌ബാൾ മൈതാനങ്ങൾ എന്നിവയുണ്ടാകും. ആദ്യഘട്ടനിർമ്മാണം 2026ലും രണ്ടാം ഘട്ടം 2027 ഏപ്രിലിലും പൂർത്തീകരിക്കും.

2. കോട്ടയത്ത്‌ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം

കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കുന്നതിനായി കെ.സി.എയും സി.എം.എസ് കോളേജും തമ്മിൽ കരാർ ഒപ്പുവെച്ചു. ജില്ലയിൽ ബി.സി.സി.ഐ ഫസ്റ്റ് ക്ലാസ് നിലവാരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടാണ് നിർമ്മിക്കുന്നത്.സ്റ്റേഡിയം പദ്ധതിക്കായി കോളേജ് 30 വർഷത്തേക്ക് നിലവിലുള്ള ഗ്രൗണ്ട് കെസിഎയ്ക്ക് നൽകും. 14 കോടിയാണ് ചെലവ്. ആദ്യ ഘട്ടനിർമ്മാണം ഏപ്രിലിൽ തുടങ്ങും.

3. തുമ്പയിലെ കരാർ 17 വർഷം കൂടി

തുമ്പ സെന്റ് സേവ്യേഴ്സ് കോളേജും കെ.സി.എയും തമ്മിൽ കോളേജിന്റെ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടിനായുള്ള പാട്ടക്കരാർ 17 വർഷത്തേക്ക് കൂടി പുതുക്കി.പുതുക്കിയ കരാർ പ്രകാരം 6.3 ഏക്കർ വരുന്ന ഗ്രൗണ്ടിന്റേയും അനുബന്ധ സൗകര്യങ്ങളുടെയും പൂർണ്ണ ഉപയോഗവും നടത്തിപ്പും തുടർന്നും കെ.സി.എയുടെ മേൽനോട്ടത്തിലായിരിക്കും.കേരളത്തിലെ ഏറ്റവും വലിയ ബൗണ്ടറികളുള്ള ഈ ഗ്രൗണ്ടിൽ 12 പിച്ചുകളാണുള്ളത്. ഇതിൽ എട്ടെണ്ണം ബി.സി.സി.ഐയുടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ നടത്താൻ പര്യാപ്തമാണ്. രഞ്ജി ട്രോഫി ഉൾപ്പടെയുള്ള ദേശീയ മത്സരങ്ങളുടെ വേദിയാണ് തുമ്പ.

4. എഴുകോണിൽ പുതിയ സ്റ്റേഡിയം

കൊല്ലം എഴുകോണിൽ ആരംഭിക്കുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ.എൻ ബാലഗോപാലാണ് നിർവഹിച്ചത്.കെ.സി.എയുടെ ആദ്യ ഗ്രിഹ( GRIHA) അംഗീകൃത സ്റ്റേഡിയമാണിത്. കെ.സി.എയുടെ ഉടമസ്ഥതയിലുള്ള പത്ത് ഏക്കറിൽ ഒരുങ്ങുന്ന സ്റ്റേഡിയത്തിന് 56 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ട നിർമ്മാണം 2026 അവസാനത്തോടെ പൂർത്തിയാകും.