കെ.സി.എല്ലിന്റെ സ്വന്തം ലാലേട്ടൻ
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസൺ മുതൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഒപ്പമുണ്ട്. ആദ്യ സീസണിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന മോഹൻലാലാണ് സീസൺ ലോഞ്ച് ചെയ്‌തതും. ഉദ്ഘാടനച്ചടങ്ങിലും മോഹൻലാലിന്റെ സജീവസാന്നിദ്ധ്യമുണ്ടായിരുന്നു. രണ്ടാം സീസണിലും ലാലേട്ടനാണ് ബ്രാൻഡ് അംബാസിഡർ. രണ്ടാം സീസണിന് വേണ്ടി മോഹൻലാൽ അഭിനയിച്ച പ്രൊമോഷൻ പരസ്യം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു.
28 വർഷം മുമ്പ് ആറാം തമ്പുരാൻ എന്ന സൂപ്പർ ഹിറ്റ് സിനിമ സമ്മാനിച്ച സംവിധായകൻ ഷാജി കൈലാസ്, നിർമ്മാതാവ് സുരേഷ് കുമാർ, മോഹൻലാൽ എന്നിവർ ഒരിക്കൽക്കൂടി ഒരുമിച്ചു എന്നതാണ് ഗോപ്‌സ് ബെഞ്ച്മാർക്ക് സംവിധാനം ചെയ്ത പരസ്യ ചിത്രത്തിന്റെ കൗതുകം. ഇൻസ്റ്റഗ്രാമിൽ റിലീസ് ചെയ്ത് 36 മണിക്കൂർ പിന്നിട്ടപ്പോൾ വീഡിയോ കണ്ടവരുടെ എണ്ണം 20 ലക്ഷം കടന്നിരുന്നു. പുറത്തിറങ്ങി ആദ്യ 24 മണിക്കൂറിൽ തന്നെ 10 ലക്ഷം കാഴ്ചക്കാരെ നേടിയ പരസ്യം, അടുത്ത 12 മണിക്കൂറിനുള്ളിൽ ഇരട്ടിയോളം പേരാണ് കണ്ടത്. ''കെ.സി.എൽ ടി ട്വന്റി ആവേശ ക്രിക്കറ്റ് , ഇങ്ങുപോരെ..."" എന്നതാണ് പരസ്യത്തിലെ ലാലേട്ടന്റെ പഞ്ച് ഡയലോഗ്.