കേരള ക്രിക്കറ്റിന്റെ മുഖച്ഛായ മാറും : സഞ്ജു സാംസൺ
തിരുവനന്തപുരം : കെ.സി.എൽ കരുത്താർജിക്കുന്നതോടെ കേരളത്തിലെ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളിത്തിളക്കം സഞ്ജു സാംസൺ. ആദ്യമായി കെ.സി.എല്ലിൽ കളിക്കാനിറങ്ങുന്നതിന്റെ ആവേശത്തിലാണ് താനെന്നും സഞ്ജു 'കേരള കൗമുദി"യോട് പറഞ്ഞു. കൊച്ചി ബ്ളൂടൈഗേഴ്സ് ടീമിൽ തന്റെ ചേട്ടൻ സലി സാംസണിന്റെ ക്യാപ്ടൻസിക്ക് കീഴിലാണ് സഞ്ജു കളിക്കുന്നത്.
'' വൈകിയാണെങ്കിലും കേരളത്തിന് സ്വന്തമായി ഒരു ട്വന്റി-20 ലീഗ് വന്നത് വളരെ നന്നായി. നല്ല രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കാനും മാർക്കറ്റ് ചെയ്യാനും കേരള ക്രിക്കറ്റ് അസോസിയേഷന് കഴിയുന്നുമുണ്ട്. നമ്മുടെ കളിക്കാർക്ക് ദേശീയ നിലവാരത്തിലേക്ക് ഉയരാൻ ഇത്തരത്തിലൊരു ലീഗിന്റെ ആവശ്യമുണ്ട്. കഴിഞ്ഞസീസണിൽ വിഘ്നേഷ് പുത്തൂരിനെപ്പോലൊരു കളിക്കാരന് ഐ.പി.എല്ലിൽ അവസരം ലഭിച്ചത് കെ.സി.എല്ലിന്റെ വരവോടെയാണ്.- സഞ്ജു പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് ഇന്ത്യൻ ടീമിന്റെ ഡ്രെസിംഗ് റൂമിൽ ചർച്ചകൾ നടക്കാറുണ്ടെന്നും മലയാളി താരങ്ങളുടെ പ്രകടനത്തെക്കുറിച്ച് മറ്റ് ഇന്ത്യൻ താരങ്ങൾ തന്നോട് അഭിപ്രായം ചോദിക്കുമ്പോൾ അഭിമാനം തോന്നാറുണ്ടെന്നും സഞ്ജു പറഞ്ഞു. പുതിയ കുട്ടികൾക്ക് അവസരം നൽകാനുള്ള കെ.സി.എയുടെ ശ്രമങ്ങൾ ശ്ളാഘനീയമാണെന്നും മുൻ താരങ്ങൾക്ക് പരിശീലകരായും മെന്റർമാരായും കെ.സി.എല്ലിൽ അവസരം ലഭിക്കുന്നുണ്ടെന്നും സഞ്ജു ചൂണ്ടിക്കാട്ടി.
വരുംകാലങ്ങളിൽ ഐ.പി.എല്ലിലേക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള മലയാളി താരങ്ങളുടെ ചവിട്ടുപടിയായി കെ.സി.എൽ മാറുമെന്നും സഞ്ജു പറയുന്നു.