'പ്രസിഡന്റ് പെണ്ണുപിടിയനല്ലെന്ന് കാണിച്ചുകൊടുക്കണം, നടിക്കെതിരെ കേസ് കൊടുക്കണം'; വാട്സാപ്പ് ഗ്രൂപ്പിൽ വനിതാ നേതാവ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംഘടനയ്ക്കുള്ളിലും രൂക്ഷ വിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. പ്രതികരിച്ചിരിക്കുന്നതിൽ ഭൂരിഭാഗവും വനിതാ നേതാക്കളാണ്.
'തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രാഹുൽ മാറി നിൽക്കണം. എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങൾ കേൾക്കുന്നത്. ആരോപണങ്ങൾ എപ്പോഴും ചിരിച്ച് തള്ളാനാകില്ല. മാദ്ധ്യമങ്ങളിൽ വെണ്ടയ്ക്ക അക്ഷരത്തിൽ വാർത്ത വന്നിട്ടും മൗനം പാലിക്കുന്നത് ശരിയല്ല. സംഘടന ഇതിനോട് പ്രതികരിക്കണം. ഇത്തരം ആരോപണങ്ങൾ വന്നാൽ മാറി നിൽക്കുന്നതാണ് രീതി. പെൺകുട്ടികൾ കൂടിയുള്ള പ്രസ്ഥാനമാണ് യൂത്ത് കോൺഗ്രസ്. അവരെ കൂടി ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ട് രാഹുൽ പ്രതികരിക്കണം ', എന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആവി സ്നേഹ ഗ്രൂപ്പിൽ പറഞ്ഞത്. എന്നാൽ, ഇത്തരം വിഷയങ്ങൾ ഗ്രൂപ്പിൽ ചർച്ച ചെയ്യരുതെന്നാണ് ചില ഭാരവാഹികൾ ആവശ്യപ്പെട്ടത്.
'രാഹുൽ മാങ്കൂട്ടത്തിൽ ആണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നോ കമന്റ്സ് എന്നാണ് നടി പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിക്കപ്പുറം യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായ വ്യക്തിയുടെ പേര് ഈ ആരോപണവുമായി ബന്ധപ്പെട്ട് വലിച്ചിഴച്ചത് ആരാണ്? ഈ വിഷയത്തിൽ ആ പെൺകുട്ടിക്കെതിരെ താങ്കൾ കേസ് കൊടുക്കണം. സത്യം സമൂഹത്തിന് അറിയണമല്ലോ. ഒരു പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല എന്നത് സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോൺഗ്രസ് കമ്മിറ്റിക്കുണ്ട്. നിങ്ങൾ ഇതിനൊരു കൃത്യമായ മറുപടി കൊടുക്കണം' - എന്നാണ് മറ്റൊരു വനിതാ നേതാവ് വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദസന്ദേശം.