അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ല, യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിയണം; രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്
തിരുവനന്തപുരം: യുവ നടിയുടെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വച്ചേക്കുമെന്ന് വിവരം. രാജി വയ്ക്കാൻ രാഹുലിനോട് ഹൈക്കമാന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. രാഹുലിനെതിരായ ആരോപണങ്ങൾ വിവാദമായതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഇതോടെയാണ് രാഹുലിനോട് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ ഹൈക്കമാന്റ് നിർദ്ദേശിച്ചിരിക്കുന്നത്.
അശ്ലീല സന്ദേശമയച്ചെന്ന നടിയുടെ ആരോപണങ്ങൾ അന്വേഷിക്കാൻ കെപിസിസിക്ക് നിർദ്ദേശം നൽകിയിരുന്നു. ഹൈക്കമാന്റിന് ലഭിച്ച ചില പരാതികൾ കെപിസിസിക്ക് കൈമാറിയതായും സൂചനയുണ്ട്. പുനഃസംഘടനയ്ക്കൊപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കം കൂടിയാണ് നിലവില്‍ നടത്തുന്നത്. എന്നാല്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാനും ആലോചനയുണ്ട്.
കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു യുവനടി യുവനേതാവിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ യൂത്ത്കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലും ചർച്ച നടന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണമെന്നായിരുന്നു ചർച്ചയിലെ ആവശ്യം. നിയമപരമായി മുന്നോട്ടു പോകണമെന്ന് ഗ്രൂപ്പിൽ ഒരു വനിതാ നേതാവ് സന്ദേശമയച്ചിരുന്നു.
കേരളത്തിലെ പ്രമുഖനായ ഒരു യുവനേതാവിൽ നിന്ന് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അശ്ലീല സന്ദേശങ്ങൾ അയക്കുകയും മോശം രീതിയിൽ സമീപിക്കുകയുടെ ചെയ്തു. ഒരു പാർട്ടിയേയും തേജോവധം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല ഇത് പറയുന്നത്. ഈ പ്രവണത നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിലുളള പരാതിയുമായി നമ്മൾ ബന്ധപ്പെട്ടവരെ സമീപിക്കാറുണ്ട്. അപ്പോൾ സ്ത്രീകൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പറയുന്നവർ പോലും പരിഗണിക്കില്ലെന്നായിരുന്നു നടിയുടെ ആരോപണങ്ങൾ.