സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി ഉൾപ്പെടെ നാലുപേർ മരിച്ചു

Thursday 21 August 2025 11:22 AM IST

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ നാലുപേർ മരിച്ചു. റിയാദിൽ നിന്നും 300 കിലോമീറ്റർ അകലെ അൽ ഖർജിനടുത്ത് ദിലം എന്ന പ്രദേശത്താണ് അപകടമുണ്ടായത്. മലപ്പുറം മണ്ടൂർ വാണിയമ്പലം കാരാട് സ്വദേശി മോയിക്കൽ ബിഷർ (29) ആണ് മരിച്ച മലയാളി. മറ്റ് മൂന്നുപേരും സുഡാനികളാണ്.

ചൊവ്വാഴ്‌ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ടൊയോട്ട ഹൈലക്‌സ് പിക്കപ്പ് വാൻ ട്രെയ്‌ലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരു സ്വകാര്യ സർവേ കമ്പനിയിൽ ജീവനക്കാരനായിരുന്നു ബിഷർ. ഇദ്ദേഹത്തിന്റെ പിതാവ് മോയിക്കൽ ഉമർ സൗദിയിൽ തന്നെ പ്രവാസിയാണ്. മാതാവ് സൽമത് വിസിറ്റിംഗ് വിസയിൽ സൗദിയിലുണ്ട്. ദിലം ജനറൽ ആശുപത്രിയിലാണ് ബിഷറിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.