'കേരളത്തിലെ പ്രജ്വൽ  രേവണ്ണയാണ്  യുവ എംഎൽഎ, പാലക്കാട്ടെ  മുൻ എംഎൽഎയ്ക്കും  പ്രതിപക്ഷ നേതാവിനും  കൂട്ടുത്തരവാദിത്വമുള്ള  ക്രൈം'

Thursday 21 August 2025 11:27 AM IST

തിരുവനന്തപുരം: യുവ എംഎൽഎയ്ക്ക് എതിരെ സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകൾക്കും ആരോപണങ്ങൾക്കുമെതിരെ പ്രതികരിച്ച് സിപിഎം നേതാവും ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഡോ. പി സരിൻ. കേരളത്തിലെ പ്രജ്വൽ രേവണ്ണയാണ് യുവ എംഎൽഎ എന്നാണ് സരിൻ പറഞ്ഞത്. പാലക്കാട്ടെ മുൻ എംഎൽഎയ്ക്കും പ്രതിപക്ഷ നേതാവിനും കൂട്ടുത്തരവാദിത്വമുള്ള ക്രൈം ആണിതെന്നും അദ്ദേഹം പറഞ്ഞു.

'വിഷയത്തിലുള്ള കോൺഗ്രസിന്റെ മൗനം കേരളത്തിലെ പൊതുസമൂഹത്തോട് കാണിക്കുന്ന അപഹാസ്യമായ സമീപനമാണ്. ലൈംഗികാരോപണം നേരിട്ട പ്രജ്വൽ രേവണ്ണയെ പൂട്ടി എന്നാണല്ലോ കർണാടകയിലെ കോൺഗ്രസ് പറയുന്നത്. പ്രജ്വൽ രേവണ്ണ ചെയ്തതിന് സമാനമാണ് യുവ എംഎൽഎ ചെയ്തതും. കേരളത്തിലെ പ്രജ്വൽ രേവണ്ണയാണ് അദ്ദേഹം. ആ യുവ എംഎൽഎയ്‌ക്കെതിരെയുള്ള പരാതി പൊലീസിലോ പൊതുസമൂഹത്തിലോ കൃത്യമായി വരുന്നതുവരെ ആ പേര് പറയാതിരിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ എന്റെ ഉത്തരവാദിത്വമാണ്. ഈ പറയുന്ന കക്ഷിയെ പാർട്ടിയിലെ ചിലർ എത്രകാലം പിന്തുണച്ചിരുന്നു എന്ന് പാർട്ടിക്കുള്ളിലെ പലർക്കും അറിയാം. പാലക്കാടിന്റെ മുൻ എംഎൽഎയ്ക്കും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനും കൂട്ടുത്തരവാദിത്വമുള്ള ക്രൈമാണിത്. കാലം ഇതൊക്കെ തെളിയിക്കും. മൂന്നോ, നാലോ വർഷങ്ങളായുള്ള ഒരു അന്തഃപുര രഹസ്യമാണ് ഇപ്പോൾ ഒരു പാർട്ടിയെ ഈ വിധത്തിലേക്ക് കൊണ്ടുവന്ന് എത്തിച്ചിട്ടുള്ളത്. ആരോപണവിധേയനെ സംരക്ഷിച്ചുകൊണ്ട് പാർട്ടിയിലെ ഒരാളുപോലും വരുന്നില്ല എന്നത് അവരുടെ ഗതികേടുകൊണ്ടാണ്. കൂട്ടുനിന്നുവരും കുടുങ്ങും'- സരിൻ പറഞ്ഞു.

കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു യുവനടി യുവനേതാവിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ യൂത്ത്കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലും ചർച്ച നടന്നിരുന്നു.'കേരളത്തിലെ പ്രമുഖനായ ഒരു യുവനേതാവിൽ നിന്ന് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അശ്ലീല സന്ദേശങ്ങൾ അയക്കുകയും മോശം രീതിയിൽ സമീപിക്കുകയും ചെയ്തു. ഒരു പാർട്ടിയേയും തേജോവധം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല ഇത് പറയുന്നത്. ഈ പ്രവണത നമുക്ക് ചു​റ്റുമുണ്ട്. ഇത്തരത്തിലുളള പരാതിയുമായി നമ്മൾ ബന്ധപ്പെട്ടവരെ സമീപിക്കാറുണ്ട്. അപ്പോൾ സ്ത്രീകൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പറയുന്നവർ പോലും പരിഗണിക്കില്ല'- എന്നായിരുന്നു നടിയുടെ പറഞ്ഞത്.