'പരാതിക്കാരി മകളെ പോലെയാണ്, എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും'
തിരുവനന്തപുരം: യുവനടിയുടെ ആരോപണങ്ങളിൽ കോൺഗ്രസ് ശക്തമായ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മകളെ പോലെ കാണുന്ന കുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയതെന്നും എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു വിഡി സതീശൻ.
'പാർട്ടിക്ക് അകത്തുളള ഏത് നേതാവിനെതിരെയും ഗുരുതരമായ ആരോപണങ്ങൾ വന്നാൽ അതിൽ ഗൗരവപരമായി അന്വേഷണം നടത്തും. മുഖം നോക്കാതെ നടപടിയെടുക്കും. ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. യുവനടിയെ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നില്ല. ആ കുട്ടി എന്റെ മകളെ പോലെയാണ്. എത്ര വലിയ നേതാവായാലും നടപടിയെടുക്കും. ഞാൻ തന്നെ മുൻകൈയെടുത്ത് നടപടിയെടുക്കും. പാർട്ടിയിൽ ഇതിനുമുൻപ് പരാതിയൊന്നും വന്നിട്ടില്ല. ഇന്നലെയാണ് ആരോപണങ്ങൾ പുറത്തുവന്നത്.
വ്യക്തിപരമായി എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. അങ്ങനെ സമീപിച്ചിരുന്നെങ്കിൽ നടപടി എടുക്കുമായിരുന്നു. അല്ലാതെ ഊഹിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ല. രാഷ്ട്രീയ രംഗത്തുളളവരെക്കുറിച്ച് പല ആരോപണങ്ങളും ഉയർന്നുവരും. ഗൗരവപരമായ പരാതികൾ വരുമ്പോൾ അന്വേഷിക്കും. ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യും. എന്റെ നിയോജകമണ്ഡലത്തിലുളള കുട്ടിയാണ് പരാതി നൽകിയത്.
രാഷ്ട്രീയത്തിൽ എല്ലാ ചെറുപ്പക്കാരെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. പക്ഷെ അവർ തെറ്റുചെയ്താൽ അന്വേഷണം നടത്തും. രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായത് അയാളുടെ കഴിവുകൊണ്ടാണ്. ഞാൻ പിതാവിന് തുല്യമാണെന്നാണ് ആ കുട്ടി ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ആരോപണവിധേയനായ വ്യക്തിക്ക് പറയാനുളളതും കൂടി പാർട്ടി കേൾക്കും. കുട്ടിയെ പ്രകോപിപ്പിക്കാൻ പല കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്'- വിഡി സതീശൻ പറഞ്ഞു.