ഇനി പഴയ പണി നടക്കില്ല; ഓട്ടോറിക്ഷയിൽ കയറുന്നവർ ഇക്കാര്യം ഉറപ്പായും ശ്രദ്ധിച്ചിരിക്കണം
കൊല്ലം: കോർപ്പറേഷൻ പരിധിയിൽ സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ മീറ്ററിടാതെ ഓടിയ 93 ഓട്ടോറിക്ഷകൾക്ക് പിഴ ചുമത്തി. പൊലീസ് 71ഉം മോട്ടോർ വാഹനവകുപ്പ 22ഉം ഓട്ടോറിക്ഷകൾക്കാണ് പിഴ ചുമത്തിയത്. രാവിലെ തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു. കൊല്ലം ചിന്നക്കട, വെള്ളയിട്ടമ്പലം, കല്ലുംതാഴം, മേവറം, കരിക്കോട്, പള്ളിമുക്ക് എന്നിവിടങ്ങൾ കേന്ദീകരിച്ചായിരുന്നു പരിശോധന. കൊല്ലം സബ് ഡിവിഷനിലെ പൊലീസ് സ്റ്റേഷനിലെ എസ്ഐ മാരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസം ഓട്ടോറിക്ഷകൾ തടഞ്ഞുനിറുത്തി മീറ്ററില്ലാത്ത ഓട്ടോറിക്ഷകൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഓട്ടോറിക്ഷകൾക്ക് എതിരെ പൊലീസിന് വ്യാപക പരാതി ലഭിച്ചിരുന്നു. തുടർന്ന് മേയറുടെ അദ്ധ്യക്ഷതയിൽ കൂടിയ ട്രാഫിക് അവലോകന സമിതി നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. വീണ്ടും പിടിക്കപ്പെട്ടാൽ പിഴ ഇരട്ടിയാക്കും. തുടർന്നും നിയമ ലംഘനം തുടർന്നാൽ പെർമിറ്റ് റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.