കാട്ടുകോഴിയുടെ പ്രതീകം: രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് കോഴികളുമായി പ്രതിഷേധ മാർച്ച്
പാലക്കാട്: ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോഴികളുമായി യുവമോർച്ചയുടെ പ്രകടനം. ഇന്ന് ഉച്ചതിരിഞ്ഞാണ് രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പൂവൻ കോഴിയുടെ ചിത്രങ്ങളും പ്രവർത്തകർ ഉയർത്തിപ്പിടിച്ചിരുന്നു. മാർച്ച് പൊലീസ് ബാരിക്കേഡുവച്ച് തടഞ്ഞു.
രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുംവരെ പ്രതിഷേധം തുടരാനാണ് ബിജെപിയുടെയും പാേഷക സംഘടനകളുടെയും തീരുമാനം. രാഹുലിനെ പേടിച്ച് സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും പെണ്ണുപിടിയനായ ഒരു എംഎൽഎയെ പാലക്കാടിന് ആവശ്യമില്ലെന്നുമാണ് യുവമോർച്ചാ പ്രവർത്തകർ പറയുന്നത്. രാഹുൽ കാട്ടുകോഴിയുടെ പ്രതീകം എന്ന് കാണിക്കാനാണ് കോഴികളുമായി എത്തിയെന്നും പ്രവർത്തകർ വ്യക്തമാക്കി. ഇന്നലെ യുവ നടിയുടെ ആരോപണം ഉണ്ടായതിന് തൊട്ടുപിന്നാലെതന്നെ എം എൽ എ ഓഫീസിലേക്ക് ബിജെപി പ്രതിഷേധമാർച്ച് നടത്തിയിരുന്നു.
കഴിഞ്ഞദിവസം കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിൽ യുവനടി റിനി ആന്‍ ജോര്‍ജ് യുവനേതാവിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് വിവാദം ചൂടുപിടിച്ചത്. 'കേരളത്തിലെ പ്രമുഖനായ ഒരു യുവനേതാവിൽ നിന്ന് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അശ്ലീല സന്ദേശങ്ങൾ അയക്കുകയും മോശം രീതിയിൽ സമീപിക്കുകയും ചെയ്തു. ഒരു പാർട്ടിയേയും തേജോവധം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല ഇത് പറയുന്നത്. ഈ പ്രവണത നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിലുളള പരാതിയുമായി നമ്മൾ ബന്ധപ്പെട്ടവരെ സമീപിക്കാറുണ്ട്. അപ്പോൾ സ്ത്രീകൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പറയുന്നവർ പോലും പരിഗണിക്കില്ല'- എന്നായിരുന്നു നടിയുടെ പറഞ്ഞത്.
അതിനിടെ, ശക്തമായ ആരോപണങ്ങൾ ഉയർന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനത്തിലാണ് പാർട്ടി നേതൃത്വം. എംഎൽഎ സ്ഥാനത്ത് തുടരാൻ തൽക്കാലം അനുവദിക്കും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന വേളയിൽ കൂടുതൽ ശക്തമായ ആരോപണങ്ങൾ ഉയർന്നുവന്നാൽ എംഎൽഎ സ്ഥാനത്തുനിന്നടക്കം രാജിവയ്പ്പിക്കാണ് പാർട്ടി തീരുമാനം എന്നാണ് റിപ്പോർട്ട്.