കൊല്ലത്ത് വാഹനാപകടം; രക്ഷാപ്രവർത്തനവുമായി മന്ത്രി വീണാ ജോർജ്, പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു
Thursday 21 August 2025 12:46 PM IST
കൊല്ലം: നിലമേലിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലമേൽ വഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിർത്തി പുറത്തിറങ്ങി പരിക്കേറ്റവർക്ക് വേണ്ട സഹായം നൽകി. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി.
ഒമ്പതുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലൻസിലുമായി പരിക്കേറ്റവരെ കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ നൽകാൻ ആശുപത്രി അധികൃതർക്ക് മന്ത്രി നിർദേശവും നൽകി.