ഗതികെട്ട് പടിയിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ; യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചു
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ രാജിപ്രഖ്യാപനം നടത്തിയത്. വിഷയത്തിൽ ധാർമികതയുടെ പുറത്താണ് രാജിവയ്ക്കുന്നതെന്നും രാഹുൽ പറഞ്ഞു.
മറ്റെല്ലാവഴികളും അടഞ്ഞതോടെയാണ് രാജിവച്ചതെന്നാണ് വിവരം. വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം നിഷേധിച്ച രാഹുൽ മാദ്ധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. തെറ്റുചെയ്തതുകൊണ്ടല്ല രാജിയെന്നും രാഹുൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ചെങ്കിലും എം എൽ എ സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോർട്ട്.
'എന്നോട് രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. മുതിർന്ന നേതാക്കളുമായി സംസാരിച്ചു. ഹൈക്കമാൻഡും രാജി ആവശ്യപ്പെട്ടിട്ടില്ല. തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ല. പരാതിവന്നാൽ നിയമപരമായി നേരിടും. ആരോപണം ഉന്നയിച്ച യുവ നടി എന്റെ അടുത്ത സുഹൃത്താണ്. ആരോപണം തനിക്കെതിരെയാണെന്ന് തോന്നുന്നില്ല. മാദ്ധ്യമങ്ങളാണ് എന്റെ പേര് പറഞ്ഞത്. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നുണ്ട്. ഓഡിയോ സന്ദേശം വ്യാജമായിനിർമ്മിക്കുന്ന കാലമാണ്. ഹണിഭാസ്കരന്റെ ആരോപണം അവർ തെളിയിക്കട്ടെ. ഗർഭഛിദ്രത്തിന് തെളിവുണ്ടോ? കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയ്യാറാണ്. പാർട്ടി പ്രവർത്തകർ സർക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളിൽ ന്യായീകരിക്കേണ്ടിവരുന്നത് അവർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അത് ഒഴിവാക്കാനാണ് രാജിവയ്ക്കുന്നത്. അല്ലാതെ കുറ്റം ചെയ്തതുകൊണ്ടല്ല'- വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
അതേസമയം, രാഹുലിന്റെ രാജി ഹൈക്കമാൻഡ് ചോദിച്ചുവാങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകൾ പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്ന് വ്യക്തമായതാേടെ രാജി ആവശ്യപ്പെടാൻ നേതൃത്വം തീരുമാനിച്ചത്. രാജി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അദ്ധ്യക്ഷൻ സണ്ണിജോസഫും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. തുടർന്ന് മുതിർന്ന നേതാക്കളുമായി സംസാരിച്ചശേഷമാണ് രാഹുലിനോട് രാജി ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. രാഹുലിനെ സംരക്ഷിക്കുന്നത് അടുത്തുതന്നെ നടക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് കാര്യമായ നഷ്ടം ഉണ്ടാകുമെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ ഉണ്ടായി.