ഏഷ്യാ കപ്പിന് ദിവസങ്ങൾ മാത്രം; അഗാർക്കറുടെ കാര്യത്തിൽ നിർണായക തീരുമാനമെടുത്ത് ബിസിസിഐ, ഒപ്പമുള്ള സെലക്ടർ പുറത്ത്
മുംബയ്: ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി ബിസിസിഐ. 2026 ജൂൺ വരെ ചീഫ് സെലക്ടറായി തുടരാനുള്ള അദ്ദേഹത്തിന്റെ കാലാവധിയാണ് നീട്ടിയത്. അടുത്തിടെ നടന്ന ടീം തിരഞ്ഞെടുപ്പുകളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിലാണ് തീരുമാനം. പുതിയ മാറ്റത്തിലൂടെ അഗാർക്കറിലുള്ള വിശ്വാസത്തെ ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുകയാണ് ബിസിസിഐ.
ഇന്ത്യൻ ക്രിക്കറ്റ് സുപ്രധാന തലമുറമാറ്റത്തിലൂടെയാണ് കടന്നുപോയത്. 2024 ട്വന്റി20 ലോകകപ്പിലും 2025 ചാമ്പ്യൻസ് ട്രോഫിയിലും ടീമിനെ വിജയങ്ങളിലേക്ക് നയിച്ചത് അദ്ദേഹം സെലക്ടറായി ഉണ്ടായ കാലത്താണ്. ഇന്ത്യൻ ടീമിന്റെ തലമുറമാറ്റത്തെ വിജയകരമായിട്ടാണ് അദ്ദേഹം നയിച്ചത്.
വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ സൂപ്പർ താരങ്ങളുടെ അഭാവത്തിലും പുതിയൊരു ടീമിനെ പടുത്തുയർത്തി. സൂര്യകുമാർ യാദവിനെ സ്ഥിരമായി ട്വന്റി 20 ക്യാപ്റ്റനായും ശുഭ്മാൻ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റനായും നിയമിച്ചത് ഉൾപ്പെടെയുള്ള തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുകയും ഇവ രണ്ടും ടീമിന് നേട്ടം ഉണ്ടാക്കുകയും ചെയ്തതായി ബിസിസിഐ വിലയിരുത്തി.
അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അംഗമായ എസ് ശരത്തിനെ നീക്കം ചെയ്യാനാണ് ബിസിസിഐ ഒരുങ്ങുന്നത്. നാല് വർഷത്തെ കാലാവധി പൂർത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് ഒഴിയുന്നത്. ജൂനിയർ ടീം സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ച ശേഷം 2023 ജനുവരിയിലാണ് ശരത്ത് സീനിയർ ടീം സെലക്ഷൻ കമ്മിറ്റിയിൽ ചേർന്നത്.
നിലവിൽ അഗാർക്കർ, എസ്.എസ്. ദാസ്, സുബ്രതോ ബാനർജി, അജയ് രത്ര, ശരത് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. സെപ്തംബറിൽ നടക്കുന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിൽ തീരുമാനം അന്തിമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.