നിർബന്ധിത  ഗർഭച്ഛിദ്രത്തിന്  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ  കേസെടുക്കണം, പരാതി നൽകി സിപിഎം അനുഭാവി

Thursday 21 August 2025 3:46 PM IST

കൊച്ചി: യുവ നടിയുടേതുൾപ്പെടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ ആണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നിർബന്ധിത ഗർഭച്ഛിദ്രത്തിന് രാഹുലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന നടപടി രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് പരാതിയിലെ ആക്ഷേപം.

അതേസമയം, ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ രാജിപ്രഖ്യാപനം നടത്തിയത്. വിഷയത്തിൽ ധാർമികതയുടെ പുറത്താണ് രാജിവയ്ക്കുന്നതെന്നാണ് രാഹുൽ വ്യക്തമാക്കിയത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം നിഷേധിച്ച രാഹുൽ മാദ്ധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. തെറ്റുചെയ്തതുകൊണ്ടല്ല രാജിയെന്നും രാഹുൽ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ചെങ്കിലും എംഎൽഎ സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോർട്ട്.

ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ളീലസന്ദേശം അയച്ചെന്നും പാർട്ടിയിലെ നേതാക്കളുടെ പെൺമക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്നും യുവനടി റിനി ആൻ ജോർജ് വെളിപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ നേതാവ് ആരാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

രാഹുൽ തന്നോട് സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുലിന്റെ സ്വഭാവദൂഷ്യങ്ങളെ കുറിച്ച് ഷാഫി പറമ്പിലിന് അറിയാമെന്നും എന്നാൽ അയാളിൽ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഹണി ആരോപിച്ചു.