ആര് വന്നാലും ഓടിവന്ന് കെട്ടിപ്പിടിക്കും, 28-ാം നിലയിൽ താമസിക്കുന്ന ഈ പശുക്കിടാവിന് പ്രത്യേകതകൾ ഏറെ

Thursday 21 August 2025 4:07 PM IST

ചെന്നൈയിലെ 28-ാം നിലയിലെ ഫ്ലാറ്റിൽ താമസിക്കുന്ന അലക്സ് എന്ന പശുക്കിടാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മനുഷ്യനോടും നായകളോടും ഒരു പോലെ സ്നേഹം പ്രകടിപ്പിക്കുന്ന ഒരു ക്യൂട്ട് പശുക്കിടാവാണ് അലക്സ്. ആരെങ്കിലും അവനെ ആലിംഗനം ചെയ്താൽ സന്തോഷപൂർവ്വം അവനും അത് ആസ്വദിക്കും. ബാൽക്കണിയിൽ ഇരുന്ന് പുറംകഴ്ചകൾ കാണുന്നതാണ് ഏറെ ഇഷ്ടം. ബംഗാൾ ഉൾക്കടലിന്റെയും ബക്കിംഗ്ഹാം കനാലിന്റെയും കാഴ്ചയാണ് ഏറെ ആസ്വദിക്കുന്നതെന്നും അലക്സ് എന്ന പശുക്കിടാവിനെക്കുറിച്ച് വിഘ്‌നേഷ് എന്ന മൃഗസ്നേഹി പറയുന്നു.

മൃഗസംരക്ഷകനും ആക്ടിവിസ്റ്റുമായ സായ് വിഘ്‌നേഷാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പശുക്കിടാവിനെ പരിചയപ്പെടുത്തിയത്. ഒരു മാസം മാത്രം പ്രായമുള്ള സമയത്ത് റോ‌ഡ് മുറിച്ചു കടന്നപ്പോൾ പരിക്കേറ്റ അലക്സിനെ ആർക്കിടെക്ചറൽ ഡിസൈനർ തേജസ്വിനി എസ് രംഗനാണ് രക്ഷിച്ച് തന്റെ ഫ്ലാറ്റിലേക്ക് കൊണ്ട് വരുന്നത്. അലക്സിനെ മറ്റ് പശുക്കിടാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്ന ഒട്ടേറെ പ്രത്യേകതകളുണ്ടെന്ന തേജസ്വിനി പങ്കുവച്ച രസകരമായ കാര്യങ്ങളെക്കുറിച്ചും വിഘ്‌നേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

അതിൽ ഏറ്റവും അസാധരണമായി തോന്നിയത് നായകളോടുള്ള അവന്റെ സ്നേഹമാണെന്ന് തേജസ്വിനി പറഞ്ഞു. നായ്ക്കളുടെ ആലിംഗനങ്ങൾ പോലും അവൻ ഏറെ ഇഷ്ടപ്പെടുന്നു. അതിലും അതിശയകരമായ കാര്യം അലക്സിനൊപ്പമാണ് നായകൾ ഭക്ഷണം കഴിക്കുന്നത് എന്നതാണ്. അലക്സ് പുല്ല് തിന്നാൽ നായ്കക്കൾക്കും അത് കഴിക്കാൻ ഒരു മടിയുമില്ലെന്ന് തേജസ്വിനി വ്യക്തമാക്കുന്നു. തമിഴ് സിനിമയിലെ അലക്സ് പാണ്ഡ്യൻ എന്ന കഥാപാത്രത്തിൽ നിന്നാണ് പശുക്കിടാവിന് അലക്സ് എന്ന പേരിട്ടിരിക്കുന്നതെന്നും തേജസ്വിനി കൂട്ടിച്ചേർത്തു.