'കെഎസ്ആർടിസി ബസ് കാണുമ്പോൾ പഴയ കാലം ഓർമ വരും', ഗണേശ് കുമാറിനെ അഭിനന്ദിച്ച് മോഹൻലാൽ

Thursday 21 August 2025 5:29 PM IST

തിരുവനന്തപുരം: വർഷങ്ങൾക്കുശേഷം കെഎസ്ആർടിസി ബസിൽ കയറിയും കോളേജ് കാലത്തെ ട്രാൻസ്‌പോർട്ട് ബസ് യാത്രയുടെ ഓർമകൾ പങ്കുവച്ചും മോഹൻലാൽ. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ വോൾവോ ബസുകളുടെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കാനിരിക്കെയാണ് മോഹന്‍ലാല്‍ ബസുകൾ കാണാനായി എത്തിയത്. കോര്‍പറേഷന്റെ പുതിയ വോള്‍വോ ബസില്‍ മോഹന്‍ലാല്‍ യാത്ര ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും സുരക്ഷാകാരണങ്ങളാല്‍ അത് ഉണ്ടാവില്ല.

'മുന്‍പ് കെഎസ്ആര്‍ടിസിയില്‍ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. അന്ന് ഇത്തരം ബസുകളൊന്നും ഇല്ല. ട്രാന്‍സ്‌പോർട്ട് എന്ന് പറയുന്നത് ഗംഭീരമായിട്ട് മാറുകയാണ്. കംഫര്‍ട്ടബിള്‍ ആയ ഒരു ട്രാന്‍സ്പോര്‍ട്ടിംഗ് സിസ്റ്റം കൊണ്ടുവരാന്‍ ഗണേശ് കുമാറിന് സാധിച്ചെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ സ്നേഹിതനും കുടുബ സുഹൃത്തും ആയതുകൊണ്ട് പറയുകയല്ല. അദ്ദേഹം കെഎസ്ആര്‍ടിസിക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്'- മോഹൻലാൽ പറഞ്ഞു. ബസിൽ കയറിയപ്പോള്‍ പഴയ കോളേജ് കാലം ഓര്‍മ്മ വന്നോ എന്ന ചോദ്യത്തിന് അത് ബസ് കാണുമ്പോള്‍ത്തന്നെ ഓര്‍മ്മ വരുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫിന്റെ ഭാഗമായി ഓര്‍മ്മ എക്സ്പ്രസ് എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംവിധായകൻ പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ ഗണേശ് കുമാറിനൊപ്പം കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസില്‍ സഞ്ചരിച്ച് പഴയ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു.