പരിപാടിയുടെ ശോഭ കെടുത്തരുത്; പൊതുപരിപാടിയിൽ നിന്ന് രാഹുലിനെ മാറ്റി പാലക്കാട് നഗരസഭ

Thursday 21 August 2025 5:43 PM IST

പാലക്കാട്: ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പൊതുപരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ മാറ്റി പാലക്കാട് നഗരസഭ. ഇക്കാര്യം അറിയിച്ചുകൊണ്ട് എം എൽ എയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്നാണ് രാഹുലിനെ മാറ്റിയത്.

ഗുരുതരമായ ആരോപണങ്ങൾ കണക്കിലെടുത്തും, ചടങ്ങിലേക്ക് ചില സംഘനകൾ രാഹുലിനെതിരെ സമര പരിപാടിയുമായി വരാൻ സാദ്ധ്യതയുണ്ടെന്ന് മനസിലായതിനാലും പരിപാടിയുടെ ശോഭ കെടുമെന്ന് ആശങ്കയുണ്ടെന്ന് കത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നഗരസഭ രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

'2025 ആഗസ്റ്റ് 22ന് വൈകുന്നേരം നാല് മണിക്ക് പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് ഉദ്ഘാടന ചടങ്ങിലേക്ക് താങ്കളെ വിശിഷ്ടാതിഥിയായി ക്ഷണിച്ചിരുന്നുവല്ലോ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ താങ്കൾക്കെതിരെ ഉയർന്നുവന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ കണക്കിലെടുത്തും, പാലക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ബസ് സ്റ്റാന്റ് ഉദ്ഘാടന ചടങ്ങിലേക്ക് ചില സംഘടനകൾ താങ്കൾക്കെതിരെ സമരപരിപാടിയുമായി വരാൻ സാദ്ധ്യതയുണ്ടെന്ന് മനസിലായതിനാലും, പരിപാടിയുടെ ശോഭ കെടുമെന്ന് ശങ്കയുള്ളതിനാലും ചടങ്ങിൽ അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കുന്നതിന് മേൽപറഞ്ഞ പരിപാടിയിൽ നിന്ന് താങ്കൾ വിട്ടുനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.'- എന്നാണ് നഗരസഭ നൽകിയ കത്തിൽ പറയുന്നത്.

യുവനടിയുടെ അശ്ലീല സന്ദേശ ആരോപണത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. എം എൽ എ സ്ഥാനവും രാജിവയ്‌ക്കണമെന്ന ആവശ്യവും പല കോണിൽ നിന്നും ഉയരുന്നുണ്ട്.