സി.ബി.എസ്.ഇ അത്‌ലറ്റിക് മീറ്റ്: 2300 കുട്ടികൾ പങ്കെടുത്തു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സി.ബി.എസ്.ഇ ക്ളസ്‌റ്റർ 11 അത്‌ലറ്റിക് മീറ്റിൽ 2300 വിദ്യാർത്ഥികൾ പങ്കെടുത്തു. കഴിഞ്ഞവർഷം 2800 പേരാണ് പങ്കെടുത്തതെന്ന് ജനറൽ കൺവീനറും മീറ്റിന് ആതിഥ്യം വഹിച്ച പെരുമ്പാവൂർ പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ഇന്ദിര രാജൻ പറഞ്ഞു.
നേരത്തെ മീറ്റ് സംഘടിപ്പിച്ചതിനാൽ വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് വേണ്ടത്ര സമയം ലഭിക്കാത്തതും പ്രതികൂലമായ കാലാവസ്ഥയും പങ്കാളിത്തത്തെ ബാധിച്ചു. ഒരേ സമയം ഒന്നിലേറെ മത്സരങ്ങൾ വന്നതും പങ്കാളിത്തം കുറച്ചു. മത്സരങ്ങളുടെ ക്രമീകരണത്തിൽ ഏകോപനം വേണമെന്ന് സി.ബി.എസ്.ഇ അധികൃതരെ അറിയിക്കും.
സി.ബി.എസ്.ഇ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രണ്ട് അംഗീകൃത കായിക മേളകളാണുള്ളത്. സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരള സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റും കേരളത്തിൽ രണ്ട് ക്ലസ്റ്ററുകളായി നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്‌ലറ്റിക് മീറ്റുമാണിവ. ഇവയിൽ വിജയിക്കുന്ന പ്രതിഭകൾക്ക് ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.
വരുംവർഷങ്ങളിൽ പങ്കെടുപ്പിക്കുമെന്ന് കൂടുതൽ വിദ്യാർത്ഥികളെ ഡോ. ഇന്ദിരാ രാജൻ അറിയിച്ചു.