മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; മമ്മൂട്ടിയുടെ പേരിൽ ചക്കുളത്ത് കാവ് ക്ഷേത്രത്തിൽ വഴിപാട്
ആലപ്പുഴ : മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി സമ്പൂർണ രോഗമുക്തനായി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പിറന്നാൾ ദിനമായ സെപ്തംബർ ഏവിന് മമ്മൂട്ടി പൊതുവേദിയിൽ എത്തുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
മമ്മൂട്ടിയുടെ തിരിച്ചുവരവിനായി മലയാളികൾ ഒന്നടങ്കമാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആയുരരോഗ്യത്തിനും രോഗമുക്തിക്കുമായി നീരേറ്റുപുറം ചക്കുളത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രത്യേക വഴിപാട് നടത്തിയിരിക്കുകയാണ് ഭക്തർ. സിനിമാ ലോകത്തേക്ക് തിരികെ എത്തുന്നതിനും കൂടുതൽ ജനപ്രിയ സിനിമകൾ തുടർന്ന് കൊണ്ടുപോകുന്നതിനുമായി ചക്കുളത്തമ്മയുടെ അനുഗ്രഹം ഉണ്ടാകണമെന്ന് നേർന്നാണ് ഭക്തരുടെ വഴിപാടായി ആയുരാരോഗ്യ പൂജ വഴിപാടായി നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലായിരുന്നു വഴിപാട്. രോഗം സ്ഥിരീകരിച്ച സമയത്ത് മോഹൻലാലും മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ പ്രത്യേക വഴിപാട് നടത്തിയിരുന്നു.
ഏഴുമാസമായി ചികിത്സയിലും വിശ്രമത്തിലുമാണ് മമ്മൂട്ടി. അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സ. ശരീരത്തിൽ നേരിയതോതിലെങ്കിലും രോഗബാധ അവശേഷിക്കുന്നുണ്ടോയെന്ന് അറിയാനുള്ള പെറ്റ് സ്കാനുൾപ്പെടെയുള്ള ആധുനിക പരിശോധനാ ഫലങ്ങളെല്ലാം അനുകൂലമാണ്. എൻഡോസ്കോപ്പി ഫലംകൂടി വന്നതോടെ എല്ലാം ഭേദമായെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. വൻകുടൽ അവസാനിക്കുന്ന ഭാഗത്താണ് രോഗ ലക്ഷണം കണ്ടത്. വേഗത്തിൽ തിരിച്ചറിഞ്ഞ് ചികിത്സിക്കാനായത് രോഗം ഭേദമാകാൻ എളുപ്പമായി. ചെന്നൈയിലെ വസതിയിലുള്ള മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ
പറഞ്ഞിരുന്നു.