ബാണാസുരയിൽ ' മത്സ്യ വസന്തം '

Friday 22 August 2025 12:02 AM IST
ബാണാസുരസാഗറിലെ മത്സ്യ ചാകര

പടിഞ്ഞാറത്തറ: ബാണാസുരസാഗർ ഡാമിലെ കൂടുകൃഷിയിൽ മീൻ ചാകര. ഫിഷറീസ് വകുപ്പിന് കീഴിൽ രൂപീകരിച്ച ബാണാസുര സാഗർ പട്ടികജാതി -വർഗ റിസർവോയർ ഫിഷറീസ് സഹകരണ സംഘമാണ് മീൻ വിൽപ്പനയിൽ വിജയം കൊയ്യുന്നത്. ഡാമിന്റെ കാപ്പിക്കളം ഭാഗത്ത് ഒരേക്കറോളമാണ് മത്സ്യ കൃഷി. മഞ്ഞൂറ, കുറ്റിയാംവയൽ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളിലാണ് റെക്കാഡ് വിൽപ്പന. 12 വനിതകൾ ഉൾപ്പെടെ ഇരുപത് പേരാണ് അംഗങ്ങൾ. 40 പേർ ഇതിനായി പ്രവർത്തിക്കുന്നു.190 മെമ്പർമാരാണ് സൊസൈറ്റിയിൽ ഉളളത്. റിസർവോയറിൽ ആറ് മീറ്റർ നീളവും നാല് മീറ്റർ വീതിയും അഞ്ച് മീറ്റർ താഴ്ചയുമുള്ള 190 കൂടുകളിലാണ് മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുള്ളത്. കിലോയ്ക്ക് 200 രൂപയാണ് വില. 2019 - 20 വർഷത്തിലാണ് കൂട് കൃഷി ആരംഭിച്ചത്.

പട്ടിക വർഗക്കാരുടെ

വരുമാന വർദ്ധന ലക്ഷ്യം

ആദിവാസി വിഭാഗത്തിലെ പട്ടിക വർഗക്കാരുടെ വരുമാന വർദ്ധന ലക്ഷ്യമാക്കിയാണ് സംഘത്തിന്റെ പ്രവർത്തനം. മീൻ പിടിക്കാനും വിൽപനയ്ക്കും ആവശ്യമായ 24 കൊട്ടത്തോണി, ഗിൽനെറ്റ് (തണ്ടാടി), വെയിങ് മിഷ്യൻ, ബില്ലിങ് മിഷ്യൻ എന്നിവ കേരള റിസർവോയർ ഫിഷറീസ് ഡവലപ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നൽകിയിരുന്നു. മീൻ വിറ്റു കിട്ടുന്ന വരുമാനത്തിന്റെ 80ശതമാനം തുക മീൻ പിടിക്കുന്നവർക്കും 20ശതമാനം സൊസൈറ്റിക്കുമാണ് . ഏജൻസി ഫോർ ഡവലപ്‌മെന്റ് ഒഫ് അക്വാകൾച്ചറൽ കേരളയുടെ (അഡാക്) നേതൃത്വത്തിലാണ് കൃഷി. റിസർവോയറിൽ നിന്ന് വലയെറിഞ്ഞു പിടിക്കുന്ന മീനുകളും വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. റിസർവോയറിലെ സ്പിൻവേ മുതൽ ഏഴ് കിലോ മീറ്റർ പരിധിയിൽ അംഗങ്ങൾക്ക് മീൻ പിടിക്കാം.കട്ല, റോഹു, ചെമ്പല്ലി, ചേറ് മീൻ, വരാൽ എന്നിവയെല്ലാം ധാരാളം ലഭിക്കുന്നു. വാളക്ക് പുറമെ പരീക്ഷണ അടിസ്ഥാനത്തിൽ കൂട്ടിൽ കരിമീൻ കൃഷിയും തുടങ്ങിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 3.2 കോടി രൂപ ചെലവഴിച്ചാണ് ഡാമിലെ കൂട് മത്സ്യ കൃഷി ആരംഭിച്ചത്.

''പരിസ്ഥിതിയ്ക്കോ ആവാസ വ്യവസ്ഥയ്ക്കോ പോറലേൽക്കാതെ പൂർണമായും പ്രകൃതിദത്തമായ രീതിയിൽ ജലാശയങ്ങളിൽ നിക്ഷേപിക്കുന്ന കൂടുകളിൽ മത്സ്യം വളർത്തുന്ന രീതിയാണ് തുടരുന്നത്. കൂട്ടിൽ ഒന്നര ലക്ഷത്തോളം മത്സ്യങ്ങൾ സ്റ്റോക്കുണ്ട്. ''

കെ.എൻ.സന്ദീപ്, സെക്രട്ടറി, ഫിഷറീസ് സഹകരണ സംഘം.