എങ്ങുമെത്താതെ ഒന്നാംവിള നെല്ല് സംഭരണ രജിസ്ട്രേഷൻ
പാലക്കാട്: ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാത്തതിനാൽ ആശങ്കയിലായി കർഷകർ. നെല്ല് സംഭരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണ്ടാക്കിയ കരാർ പ്രകാരം നടീൽ കഴിഞ്ഞ് 45 ദിവസം കഴിഞ്ഞാൽ നെല്ല് സംഭരണ രജിസ്‌ട്രേഷൻ ആരംഭിക്കണം. പാടശേഖര സമിതിയിലെ 50 ശതമാനത്തിലേറെ കർഷകർ രജിസ്‌ട്രേഷൻ ചെയ്താൽ മില്ല് അലോട്ട്‌മെന്റ് നടത്തി കൊയ്ത്തു ആരംഭിക്കുന്ന മുറയ്ക്ക് നെല്ല് സംഭരിക്കണമെന്നാണ് വ്യവസ്ഥ. ആഗസ്റ്റ് ഒന്നു മുതൽ സെപ്തംബർ 15 വരെയാണ് ഒന്നാം വിള നെല്ലുസംഭരണത്തിന്റെ കർഷക രജിസ്‌ട്രേഷൻ പൂർത്തികരിക്കേണ്ടത്. ആഗസ്റ്റ് 17നുശേഷം രജിസ്‌ട്രേഷൻ പോർട്ടൽ തുറന്നുകൊടുക്കുമെന്ന് സപ്ലൈകോ പറഞ്ഞെങ്കിലും എങ്ങുമെത്തിയിട്ടില്ല. സെപ്തംബർ ഒന്നു മുതൽ നെല്ല് സംഭരണത്തിന് സപ്ലൈകോ സജ്ജമാകണമെന്ന വ്യവസ്ഥ ഈ പ്രാവശ്യവും നടപ്പാവില്ല. നെല്ല് സംഭരണ രജിസ്‌ട്രേഷൻ ആരംഭിച്ച്, കൃഷിഭവനിൽ പരിശോധന നടത്തിയ ശേഷമാണ് സപ്ലൈകോയിലേക്ക് കർഷകരുടെ അപേക്ഷകൾ കൈമാറുക. ഓരോ വർഷവും 52 ഓളം സ്വകാര്യ മില്ലുകളാണ് സപ്ലൈകോയ്ക്ക് വേണ്ടി കർഷകരിൽ നിന്ന് നെല്ലു സംഭരിക്കുന്നത്. രജിസ്ട്രേഷൻ പരിശോധന, മില്ല് അലോട്ടുമെന്റ്, ജീവനക്കാരുടെ പുനർവിന്യാസം എന്നിവ നടത്താൻ എല്ലായ്‌പ്പോഴും കാലതാമസം ഉണ്ടാകാറുണ്ട്. സംഭരണസമയത്ത് സർക്കാരുമായി മില്ലുടമകൾ ഉടക്കുന്നതും പതിവാണ്. ഇതോടെ സപ്ലൈകോ സംഭരണം നീണ്ടുപോകും. ഇതിനിടയിൽ കൊയ്ത്ത് ആരംഭിച്ചിരിക്കും. ഒന്നാം വിള മഴക്കാലത്തുള്ള കൊയ്ത്തും, നെല്ല് ഉണക്കലിലും ഉണ്ടാകുന്ന ബുദ്ധിമുട്ടും, ഉണക്കി സൂക്ഷിക്കാൻ കഴിയാതെ കർഷകർ സ്വകാര്യമില്ലുകാർ പറയുന്ന വിലക്ക് നെല്ല് കൊടുക്കാൻ നിർബന്ധിതിരാവും. നെല്ല് സംഭരണത്തിന്റെ ഫലം പൂർണമായും കർഷകർക്ക് കിട്ടണമെങ്കിൽ ഇനിയെങ്കിലും നെല്ല് സംഭരണത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടൽ തുറന്നു കൊടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.