കടലില്ലെങ്കിലും പാലക്കാടിന് മത്സ്യക്കൃഷിയിൽ ചാകര
പാലക്കാട്: കടൽ തീരമില്ലാത്ത ജില്ലയാണെങ്കിലും മത്സ്യക്കൃഷിയിൽ മറ്റ് ജില്ലകൾക്ക് മാതൃകയാകുകയാണ് പാലക്കാട്. കടൽ ഇല്ലെങ്കിലും പുഴകൾ, തോടുകൾ, കുളങ്ങൾ എന്നിവയാൽ സമ്പന്നമാണ് പാലക്കാട്. ഒട്ടേറെ ഡാമുകളും തടയണകളുമുണ്ടിവിടെ. ഇവയെല്ലാം മത്സ്യകൃഷിക്ക് അനുയോജ്യമാണ്. കുളങ്ങൾ കൂടുതലുള്ള ജില്ല ആയതിനാൽ കുളങ്ങളിലെ മത്സ്യകൃഷിക്കും ഏറെ പ്രാധാന്യമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം ടാങ്കുകൾ, പടുതകുളങ്ങൾ, സ്വകാര്യ കുളങ്ങൾ, പൊതു കുളങ്ങൾ, എന്നിവയിലാണ് പ്രധാനമായും മത്സ്യകൃഷി നടക്കുന്നത്. പരമ്പരാഗത രീതിയിലും ശാസ്ത്രീയ അടിത്തറയോടെയും കർഷകർ നൂതന കൃഷി രീതികളാണ് നടത്തിവരുന്നത്. 2024-25 വർഷം 57.79 ലക്ഷം മത്സ്യകുഞ്ഞുങ്ങളെയാണ് പാലക്കാട് ജില്ലയിലെ വിവിധ ഡാമുകളിലായി നിക്ഷേപിച്ചത്. ജില്ലയിലെ 11 ഡാമിൽ മലമ്പുഴ, വാളയാർ, മീങ്കര, ചുള്ളിയാർ, മംഗലം, പോത്തുണ്ടി, കാഞ്ഞിരപ്പുഴ എന്നിവയിലാണ് മത്സ്യക്കൃഷി നടക്കുന്നത്. ജില്ലയിൽ മീങ്കര, ചുള്ളിയാർ, മംഗലം, വാളയാർ, മലമ്പുഴ എന്നിവിടങ്ങളിലായി അഞ്ച് മത്സ്യ വിത്തുത്പാദന കേന്ദ്രങ്ങളാണ് ഉള്ളത്. മലമ്പുഴ ദേശീയ മത്സ്യ വിത്തുത്പാദന കേന്ദ്രമാണ് കേരളത്തിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ശുദ്ധജല മത്സ്യ വിത്തു ഉത്പാദന കേന്ദ്രം. 2024-25 വർഷം ഫാമിന്റെ പരമാവധി ഉത്പാദന ശേഷിയായ ഒന്നര കോടി മത്സ്യ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.
കൂടുതലും കാർപ്പ് കൃഷി
ഭൂരിഭാഗം കർഷകരും സമ്മിശ്ര കൃഷി രീതിയായ കാർപ്പ് മത്സ്യക്കൃഷിയാണ് ചെയ്ത് വരുന്നത്. കാർപ്പ് മത്സ്യങ്ങളായ കട്ല, രോഹു, മൃഗാല, സൈപ്രിനസ്, ഗ്രാസ് കാർപ്പ് തുടങ്ങിയവയും നൈൽ തിലാപിയ, ആസാം വാള, വരാൽ, അനബാസ് തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കുളങ്ങളിലേത് കൂടാതെ നൂതന കൃഷി രീതികളായ പടുതാകുളങ്ങളിലെ അതി സാന്ദ്രതാ മത്സ്യക്കൃഷി, റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം(അക്വാപോണിക്സ്), ബയോഫ്‌ളോക്ക്, ക്വാറിക്കുളങ്ങളിൽ കൂട് മത്സ്യകൃഷി എന്നിവയും നടപ്പിലാക്കി വരുന്നു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ജലാശയങ്ങൾ മത്സ്യക്കൃഷിക്കായി കൂടുതൽ ഉപയോഗപ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പ് നടപടി സ്വീകരിച്ചു വരികയാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. 1000 ഹെക്ടർ കുളങ്ങളിൽ കാർപ്പ് മത്സ്യക്കൃഷി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.