'രാഹുലിന്റേത് ഗുരുതരമായ രോഗാവസ്ഥ; ഡോക്ടറായതുകൊണ്ട് പറയുകയാണ്, ചികിത്സിക്കണം'

Thursday 21 August 2025 9:51 PM IST

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അതിരൂക്ഷമായി വിമര്‍ശിച്ച് പി സരിന്‍. യുവതികളോട് അശ്ലീല ചുവയോടെ സംസാരിക്കുന്നതും ഹോട്ടലിലേക്ക് ക്ഷണിക്കുന്നതുമുള്‍പ്പെടെയുള്ള രാഹുലിന്റേത് ഗുരുതരമായ രോഗമാണെന്നാണ് സരിന്‍ പരിഹസിച്ചത്. ഇത് ചികിത്സ ആവശ്യമുള്ള പ്രശ്‌നമാണെന്നും സരിന്‍ പറഞ്ഞു. രാഹുലിനെ കൊണ്ട് നടന്നത് ഷാഫി പറമ്പിലാണെന്നും കൊണ്ട് പോയി കൊല്ലിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറിച്ചുള്ള വിവാദങ്ങള്‍ പുറംലോകം അറിഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഫോണില്‍ വിളിച്ചുവെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണ്ട് തന്നെ തെറി വിളിക്കാനായി ഫോണില്‍ വിളിച്ചിരുന്ന പലരും ഇന്ന് വിളിച്ച് മൗനത്തിലായിരുന്നു. സ്ഥാനമോഹിയായത് കൊണ്ടല്ല മറിച്ച് പാര്‍ട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബലിയാടായ ആളാണ് താനെന്ന് ഇപ്പോള്‍ പലര്‍ക്കും മനസ്സിലായെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഒന്ന് രണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും അത് ആരോപണവിധേയനായ മാന്യദ്ദേഹത്തോടല്ലെന്നും സരിന്‍ പറയുന്നു. മാന്യദ്ദേഹം എന്തായാലും ഒരുപാട് കേസുകളൊക്കെയായി വിചാരണ നേരിടേണ്ടി വരും. രണ്ട് കേസുകള്‍ ഇതിനോടകം ഫയല്‍ ചെയ്യപ്പെട്ടു. ഒന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ്. രണ്ട് രാഹുലിനെതിരെ ഉയര്‍ന്ന ഗര്‍ഭച്ഛിദ്ര ആരോപണവുമായി ബന്ധപ്പെട്ടാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ അവസ്ഥയെ ബാലാവകാശ കമ്മീഷന്‍ നിയമത്തിന്‍ പരിധിയില്‍ വരും എന്നാണ് മനസിലാക്കുന്നതെന്നും സരിന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സെക്ഷ്വല്‍ ഒഫന്‍സുകളെക്കുറിച്ച് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിന് രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യം സരിന്‍ ഉന്നയിച്ചു. രേഖാമൂലമല്ലാതെ പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കാന്‍ ഷാഫി തയ്യാറാകണം. പരാതി ലഭിച്ചിട്ടില്ലെന്നാണ് എംപി പറയുന്നതെങ്കില്‍ ഒരുതവണ കൂടി താന്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്നും പി സരിന്‍ പറഞ്ഞു നിര്‍ത്തി.