ട്രാൻസ്ജെൻഡർ വിഭാഗത്തെ ഉൾക്കൊള്ളുന്നതിൽ കേരളം മാതൃക
കോഴിക്കോട്: ട്രാൻസ്ജെൻഡർ വ്യക്തികളെ ഉൾകൊള്ളുന്നതിൽ കേരളം മാതൃക സൃഷ്ടിക്കുന്നുവെന്ന് ദേശീയ സെമിനാർ. അവർക്കായി സർക്കാർനയം രൂപീകരിക്കാനും നടപ്പാക്കാനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേരളത്തിലുണ്ടെന്നും സെമിനാറിൽ അഭിപ്രായമുയർന്നു.
ട്രാൻസ്ജൻഡർ സംസ്ഥാന കലോത്സവം 'വർണപ്പകിട്ടിന്റെ ഭാഗമായി കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, മനുഷ്യാവകാശങ്ങൾ സെമിനാർ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ട്രാൻസ്‌ജെൻഡറുകൾക്ക് നീതിയും അവസരവും ബഹുമാനവും ലഭിക്കുന്നതിന് കേരളം ഇടപെടലുകൾ നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു.
സാമൂഹികനീതി വകുപ്പ് ഡയറക്ടർ അരുൺ എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ഡയറക്ടർ എസ്. ജലജ, സ്റ്റേറ്റ് ട്രാൻസ്ജെൻഡർ കോ ഓർഡിനേറ്റർ ശ്യാമ എസ് പ്രഭ എന്നിവർ പ്രസംഗിച്ചു. ഡോ.ജിതേഷ്, സഞ്ജയ് ശർമ, ഡോ.എൻ ലക്ഷ്മി, ഡോ.സി.എ സ്മിത, ഡോ.എൽ രാമകൃഷ്ണൻ, ഡോ.അനുരാധ കൃഷ്ണൻ, പി.കെ പ്രിജിത്, ഡോ.എൻ.ജൻസി, വിജയരാജമല്ലിക, റിതിഷ, അർജുൻ ഗീത, ഡോ.രേഷ്മ ഭരദ്വാജ്, സദ്ദാം ഹൻജബാം, ഡോ.പി എം.ആരതി, കോയെൽ ഘോഷ്, അഡ്വ.പത്മലക്ഷ്മി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ട്രാൻസ് ജീവിതം തുറന്നുകാട്ടി സിനിമകൾ
കോഴിക്കോട്: ട്രാൻസ് ജീവിതങ്ങളുടെ തീക്ഷ്ണതയും ദൈന്യതയും അതിജീവനവും തുറന്നുകാട്ടി ഏകദിന ഫിലിം ഫെസ്റ്റിവൽ. 'വർണപ്പകിട്ട്' സംസ്ഥാന ട്രാൻസ്ജൻഡർ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിൽ നടന്ന ഫിലിം ഫെസ്റ്റിവലിലാണ് ട്രാൻസ് ജീവിതങ്ങളുടെ നേരനുഭവങ്ങൾ കാഴ്ചക്കാരിലെത്തിച്ചത്. ദേശീയ പുരസ്‌കാര ജേതാക്കളായ ഷെറിയും ടി.ദീപേഷും ചേർന്ന് സംവിധാനം ചെയ്ത 'അവനോവിലോന', ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത 'ഉടലാഴം', പി.അഭിജിത്ത് സംവിധാനം ചെയ്ത ഞാൻ രേവതി, നവാഗത സംവിധായകൻ സുരേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരട്ടജീവിതം തുടങ്ങിയ ചിത്രങ്ങൾ നിറഞ്ഞ കൈയടി നേടി. ഔട്ട്കാസ്റ്റ്, ന്യൂ നോർമൽ, ഈസ് ഇറ്റ് ടൂ മച്ച് ടു ആസ്‌ക്, ദാറ്റ്സ് മൈബോയ്, ജനലുകൾ, വി ആർ എലൈവ് എന്നീ ചിത്രങ്ങളും പ്രദർശിപ്പിച്ചു.