ഓപ്പൺ ബുക്ക് പരീക്ഷ: കടമ്പകളേറെ
സി.ബി.എസ്.ഇ 9-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി 2025- 26 ൽ പുസ്തകം തുറന്നുവച്ച് പരീക്ഷ എഴുതുവാനുള്ള ഓപ്പൺ ബുക്ക് രീതി നടപ്പിലാക്കുകയാണ്.ഓപ്പൺ ബുക്ക് പരീക്ഷയിലൂടെ ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളുടെ ചിന്താരീതി,സ്‌കില്ലുകൾ എന്നിവ ഉയർത്തുക,വസ്തുതാപരമായി വിശകലനം ചെയ്യാൻ പ്രാപ്തരാക്കുക തുടങ്ങിയവയാണ്.സിലബസ് അടിസ്ഥാനമാക്കിയുള്ള വിഷ്വൽ കണ്ടെന്റ്,കേസ് സ്റ്റഡി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും.
ഒറ്റനോട്ടത്തിൽ,പുസ്തകം തുറന്നു വെച്ചുള്ള ഓപ്പൺ ബുക്ക് രീതി വിദ്യാർത്ഥികൾക്ക് ഗുണകരമാണെന്ന് തോന്നുമെങ്കിലും ഏറെ വെല്ലുവിളി നിറഞ്ഞതാണ്.നന്നായി പഠിക്കുന്ന വിദ്യാർത്ഥികൾക്കിത് ഗുണകരമാകും.എന്നാൽ ഭൂരിഭാഗം വിദ്യാർത്ഥികളും ഈ രീതിയുമായി ഇണങ്ങിച്ചേരാൻ സമയമെടുക്കും. കാണാതെ പഠിച്ച് ഓപ്പൺ ബുക്ക് പരീക്ഷ എഴുതാൻ സാധ്യമല്ല.ചോദ്യങ്ങൾ പരോക്ഷമായവയും ഏറെ ആലോചിച്ചു വിശകലനം നടത്തേണ്ടവയുമായിരിക്കും.നന്നായി മുഴുവൻ പാഠഭാഗങ്ങളും വായിച്ചു മനസിലാക്കി മനസിൽ മികച്ച ആശയം ഉരുത്തിരിച്ചെടുത്ത വിദ്യാർത്ഥിക്ക് മാത്രമേ അനായാസേന ഉത്തരമെഴുതാൻ സാധിക്കൂ.
എന്താണ് ഓപ്പൺ ബുക്ക് രീതി?
പുസ്തകം തുറന്നുവച്ച് നേരിട്ട് ഉത്തരം പകർത്തിയെഴുതുന്ന രീതിയല്ല ഇത്.മറിച്ച് ക്ലാസ് മുറിയിൽ നിന്നും പുസ്തകത്തിൽ നിന്നും പഠിച്ച ഭാഗങ്ങൾ വിശകലനം ചെയ്ത് ഉത്തരമെഴുതേണ്ട രീതിയാണിത്.വിദ്യാർത്ഥി കൈവരിച്ച അറിവിന്റെ അളവുകോലാണിത്.കംപ്യൂർ അധിഷ്ഠിത ഓപ്പൺ ബുക്ക് രീതിയും ഇന്ന് നിലവിലുണ്ട്. എന്താണ് കേസ് സ്റ്റഡി എന്നറിയാത്ത വിദ്യാർത്ഥികൾക്ക് ഇത്തരം ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തിയാൽ ഫലം വിപരീതമാകും.വിദ്യാർത്ഥികൾ മനസിലാക്കിയ ആശയം വ്യത്യസ്തമാണെങ്കിൽ മാർക്ക് നഷ്ടപ്പെടുകയും ചെയ്യും.പരീക്ഷയ്ക്കു തൊട്ടുമുൻപ് 'എമർജൻസി പഠന രീതി" അനുവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് ഓപ്പൺ ബുക്ക് പരീക്ഷകൾ വിഷമം പിടിച്ചതാകും.പതിവായി പഠിക്കുന്ന ഈസി സ്റ്റഡി രീതി അവലംബിക്കുന്ന വിദ്യാർത്ഥികൾക്കിത് എളുപ്പമായിരിക്കും.അതായത് മൂന്നിലൊന്നോളം വിദ്യാർത്ഥികൾക്ക് ഗുണകരമാകുമ്പോൾ,ശരാശരി വിദ്യാർത്ഥികൾക്ക് ശ്രമകരമാകും.ഓപ്പൺ ബുക്ക് പരീക്ഷയിൽ നിശ്ചിത സമയത്തിനകം ഉത്തരം എഴുതുക എന്നതും വിദ്യാർത്ഥികളിൽ പ്രതിസന്ധി സൃഷ്ടിക്കും.ചോദ്യം വായിച്ചു മനസിലാക്കാനും ആലോചിച്ച് ഉത്തരമെഴുതാനും സമയമെടുക്കും.അതിനാൽ ടൈം മാനേജ്മന്റ് ഏറെ പ്രാധാന്യമർഹിക്കുന്നു.അധ്യാപകർ ഈ രീതി അനുവർത്തിച്ചു പഠിപ്പിച്ചില്ലെങ്കിൽ വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കും.സാധാരണ പരീക്ഷകളിൽ ഓർമ്മ ശക്തി വിലയിരുത്തുമ്പോൾ, ഓപ്പൺ ബുക്ക് പരീക്ഷയിൽ പ്രായോഗിക വിശകലനം,വിലയിരുത്തൽ,ക്രീയാത്മകത എന്നിവയ്ക്കാണ് പ്രാധാന്യം.
എല്ലാ വശങ്ങളും പഠിക്കണം
ഓപ്പൺ ബുക്ക് രീതി നടപ്പാക്കുന്നതു സംബന്ധിച്ച് സി.ബി.എസ്.ഇ നിർവാഹക സമിതി അംഗങ്ങളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു.അധ്യാപകർ ഈ രീതിയുമായി തുടക്കത്തിൽ പൊരുത്തപ്പെട്ടിട്ടു മതി വിദ്യാർത്ഥികളിൽ പരീക്ഷണം എന്ന് പലരും വാദിക്കുന്നു.കൂടാതെ സി.ബി.എസ്.ഇ, സംസ്ഥാന ബോർഡുകൾ തമ്മിൽ മാർക്ക് ലഭ്യതയുടെ/പഠന നിലവാരം വിലയിരുത്തലിന്റെ കാര്യത്തിൽ വ്യത്യസ്ത രീതി അവലംബിക്കുമ്പോൾ ഓപ്പൺ ബുക്ക് രീതിയിലൂടെ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാനിടവരരുത്.പത്താം ക്ലാസിനുശേഷം സി.ബി.എസ്.സി ബോർഡിൽ നിന്നും സ്റ്റേറ്റ് ബോർഡിലേക്ക് മാറുന്ന വിദ്യാർത്ഥികളുമുണ്ട്.അതേസമയം,ഓപ്പൺ ബുക്ക് പരീക്ഷ രീതി ഫലപ്രദമായി നടപ്പിലാക്കിയാൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാകും.ധൃതി പിടിച്ചുള്ള നടപ്പാക്കലല്ല,മറിച്ച് ഗുണനിലവാരം ഉയർത്താനുതകുന്ന രീതിയിൽ വസ്തുനിഷ്ഠമായ രീതിയിൽ ഇത് നടപ്പിലാക്കണം.