സ്വകാര്യ സ്കൂൾ വാഹനങ്ങൾക്കും കാമ്പസിൽ കയറാനാവണം: മന്ത്രി
തിരുവനന്തപുരം: വിദ്യാർത്ഥികളുമായി എത്തുന്ന സ്വകാര്യ വാഹനങ്ങൾക്കും സ്കൂൾ കോമ്പൗണ്ടിൽ പ്രവേശനം അനുവദിക്കണമെന്ന് മാനേജ്മെന്റുകൾക്ക് മന്ത്രി വി.ശിവൻകുട്ടി കർശന നിർദ്ദേശം നൽകി. സ്വന്തം വാഹനങ്ങളെ മാത്രമേ കോമ്പൗണ്ടിൽ പ്രവേശിപ്പിക്കാറുള്ളൂ. ഇതുകാരണം കുട്ടികൾ പുറത്തിറങ്ങി റോഡ് ക്രോസ് ചെയ്യേണ്ടിവരുന്നു. ഇത് അപകടമാണ്. വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് സ്കൂളുകൾ പാർക്കിംഗ് സംവിധാനമൊരുക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്കൂൾ കുട്ടികളുമായി രാത്രിയിൽ വിനോദയാത്ര പുറപ്പെടുന്നത് അനുവദിക്കില്ല. കഴിഞ്ഞദിവസം തലസ്ഥാനത്തെ ഒരു സ്കൂളിൽനിന്ന് വിനോദയാത്ര പുറപ്പെട്ടത് രാത്രി 10 മണിക്കാണ്. സാമ്പത്തികശേഷിയില്ലാത്ത കുട്ടികളെ വിനോദയാത്രയിൽ നിന്ന് ഒഴിവാക്കുന്നതും അനുവദിക്കാനാവില്ല. പാവപ്പെട്ട കുട്ടികളെ ഉൾപ്പെടുത്താൻ സ്കൂളുകൾ പ്രത്യേകം സംവിധാനമൊരുക്കണമെന്നും മന്ത്രി പറഞ്ഞു.