മാർഗനിർദ്ദേശവുമായി ഹൈക്കോടതി: കോടതി പരിസരത്തെ അറസ്റ്റിന് ജഡ്ജിയുടെ അനുമതി വേണം

Friday 22 August 2025 12:39 AM IST

കൊച്ചി: കോടതി പരിസരത്തു നിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കിൽ പൊലീസ് ബന്ധപ്പെട്ട കോടതി സമുച്ചയത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്തുള്ള ജഡ്ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി.

സ്വമേധയാ അല്ലെങ്കിൽ അഭിഭാഷകൻ മുഖേന കീഴടങ്ങാനെത്തുന്നവരെ അറസ്റ്റ് ചെയ്യണമെങ്കിലും കോടതിയുടെ അനുമതിയുണ്ടാകണം. കോടതി പരിസരമെന്നാൽ കോടതി ഹാൾ മാത്രമല്ല, ക്വാർട്ടേഴ്സുകൾ ഒഴികെയുള്ള വസ്തുവകകളും ഉൾപ്പെടും. കോടതിയുടെ പ്രവർത്തനസമയത്താകും മർഗരേഖ ബാധകമാവുക.

ആലപ്പുഴ രാമങ്കരി കോടതിയിൽ അഭിഭാഷകന്റെ അറസ്റ്റിന് ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് നിർദ്ദേശം. ഇത്തരം വിഷയങ്ങളിലെ പരാതി പരിഹാരത്തിന് സംസ്ഥാന, ജില്ലാതല സമിതികൾ രൂപീകരിക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ഭാരതീയ ന്യായസംഹിത, കേരള പൊലീസ് ആക്ട്, സർക്കാർ ഉത്തരവുകൾ എന്നിവ ആധാരമാക്കിയാണ് മാർഗനിർദ്ദേശം.

കുറ്റകൃത്യം നടന്നാൽ

ബാധകമല്ല

# കോടതി പരിസരത്ത് എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ പൊലീസിന് മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് രേഖപ്പെടുത്താം. അനിവാര്യമായ ബലപ്രയോഗവുമാകാം.

# ദീർഘനാൾ ഒളിവിലായിരുന്ന വാറന്റ് പ്രതികളെ കോടതി പരിസരത്ത് കണ്ടാലും ഉടൻ അറസ്റ്റ് രേഖപ്പെടുത്താം. രണ്ടു സാഹചര്യത്തിലും തൊട്ടുപിന്നാലെ തന്നെ ജഡ്ജിയെ വിവരം അറിയിക്കണം.

പരാതി പരിഹാര കമ്മിറ്റികൾ

പരാതികൾ പരിഹരിക്കാൻ രൂപീകരിക്കേണ്ട സമിതികളുടെ ഘടനയും ഹൈക്കോടതി നിശ്ചയിച്ചു. ജില്ലാ സമിതിയിൽ തീരുമാനമാകാത്ത പരാതികൾ സംസ്ഥാന സമിതി പരിശോധിക്കും.

സംസ്ഥാന സമിതി : അഡ്വക്കേറ്റ് ജനറൽ, സംസ്ഥാന പൊലീസ് മേധാവി, ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസി‌ഡന്റ് അടക്കം സംഘടനയിലെ മൂന്ന് അഭിഭാഷകർ, എസ്.പി റാങ്കിന് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ, പരാതിക്കാരുമായി ബന്ധപ്പെട്ട ബാർ അസോസിയേഷൻ പ്രസിഡന്റ്.

ജില്ലാ സമിതി: പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ്, ജില്ലാ പൊലിസ് മേധാവി, ജില്ലാ ഗവ. പ്ലീഡർ, ബാർ അസോസിയേഷൻ പ്രസിഡന്റ്, ബന്ധപ്പെട്ട ബാർ അസോസിയേഷൻ അംഗം.