ചോദ്യങ്ങളെ തടഞ്ഞ് തുടക്കം; ഒടുവിൽ രാജി പറഞ്ഞ് 'മുങ്ങൽ'

Friday 22 August 2025 12:00 AM IST

അടൂർ: ചൊവ്വാഴ്ച മുതൽ ആക്ഷേപങ്ങൾ പെരുമഴ പോലെ വന്നപ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നില്ല. ഇന്നലെ നെല്ലിമുകളിലെ വീട്ടിലുണ്ടെന്ന് അറിഞ്ഞ് രാവിലെ മാദ്ധ്യമപ്രവർത്തകരെത്തി. എം.എൽ.എയുടെ ഔദ്യോഗിക വാഹനമില്ല. വീടിന്റെ വാതിൽ തുറന്നില്ല. ഫോണിൽ കിട്ടിയതുമില്ല.

ഇതേസമയം,​ രാഹുൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് ബി.ജെ.പിയുടെയും മഹിളാമോർച്ചയുടെയും ഡി.വൈ.എഫ്.ഐയുടെയും മാർച്ച്. ആക്ഷേപം കനത്തതോടെ എ.ഐ.സി.സിയും കെ.പി.സി.സിയും ഇടപെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാഹുൽ രാജിവച്ചേക്കുമെന്ന് അഭ്യൂഹം പരന്നു.

ഉച്ചയോടെ രാഹുൽ മാദ്ധ്യമങ്ങളെ കാണുമെന്ന് സുഹൃത്തുക്കളുടെ അറിയിപ്പ്. ഇതിനിടെ രാഹുൽ രാജിവച്ചതായി വാർത്തകൾ വന്നു. കോൺഗ്രസ്,​ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ അടുത്തുനിറുത്തി വാർത്താസമ്മേളനം ആരംഭിച്ചത് ഉച്ചയ്ക്ക് 1.10ന്. ഈ നിമിഷംവരെയും രാജിവച്ചിട്ടില്ലെന്ന രാഹുലിന്റെ വാക്കുകൾ ആശയക്കുഴപ്പമുണ്ടാക്കി.

യുവനടിയുടെ വെളിപ്പെടുത്തലും യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതും വാട്സാപ്പ് ചാറ്റുകളും ചോദ്യങ്ങളായി. തനിക്കെതിരെ നിയമപരമായി എന്തെങ്കിലും പരാതിയുണ്ടോയെന്ന് മാദ്ധ്യമങ്ങളോട് രാഹുൽ തിരിച്ചുചോദിച്ചു. എം. മുകേഷ് എം.എൽ.എയ്ക്കെതിരെ പരാതി ഉയർന്നപ്പോൾ സി.പി.എം എന്തുചെയ്തു. യുവതിയുമായുള്ള ശബ്ദരേഖ പുറത്തുവന്നിട്ടും എ.കെ. ശശീന്ദ്രൻ മന്ത്രിയായി തുടരുന്നില്ലേ എന്നും രുഹുലിന്റെ പ്രതിരോധം. രാഹുലിനെതിരെ പാർട്ടിക്കു ലഭിച്ച പരാതിയെപ്പറ്റി മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് രാഹുൽ തടയിട്ടു. തനിക്ക് പറയാനുള്ളത് കേട്ടിട്ട് ചോദ്യങ്ങൾ മതിയെന്ന് വിലക്ക്.

ആരും തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, ഇപ്പോഴിത 1. 30ന് താൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. സർക്കാരിനെതിരെ പോരാട്ടം നടത്തുന്ന പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. ഭരണഘടനയിൽ വിശ്വസിക്കുന്ന താൻ ധാർമ്മികത ഉയർത്തിപ്പിടിച്ച് സ്ഥാനം ഒഴിയുന്നു തുടങ്ങി വാദങ്ങൾ നിരത്തി. തുടർന്ന് വീടിനകത്ത് കയറി വാതിലടച്ചു.